മുംബൈയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മുംബൈ: മഹാരാഷ്ട്രയിലെ ധൂളില്‍ 11 പേര്‍ ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകം നടന്ന് രണ്ട് ദിവസത്തിനു ശേഷമാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

റോഡരികിലെ കടയില്‍നിന്ന് ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് റഫീഖുദ്ദീന്‍ എന്ന യുവാവിനെ ആയുധങ്ങളുമായി ബൈക്കിലും സ്‌കൂട്ടറിലുമായെത്തിയ സംഘം ആക്രമിച്ചത്.

ശിരസില്‍ വെടിയേറ്റ ഇയാള്‍ക്ക് ശരീരത്തില്‍ മൊത്തം 27 വെട്ടേറ്റിട്ടുണ്ട്. കുഴഞ്ഞുവീണ റഫീഖുദ്ദീനെ റോഡിലൂടെ വലിച്ചിഴക്കുന്നത് വീഡിയോയില്‍ ദൃശ്യമാണ്.

റഫീഖുദ്ദീന്‍ പ്രാദേശിക ഗുണ്ടാ നേതാവാണെന്നും മുപ്പതിലധികം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു.

സംഭവത്തില്‍ പ്രതികളെ ആരേയും ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. ദൃക്‌സാക്ഷി വിവരണത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top