mammoth tragedy manmohan singh sharp critique of pm modi notes ban

ന്യൂഡല്‍ഹി:രാജ്യത്ത് നിന്ന് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം വമ്പന്‍ ദുരന്തമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

യുദ്ധകാലത്തിന് സമാനമാണ് ഇന്നത്തെ സ്ഥിതി. യുദ്ധസമയത്ത് റേഷനായി കിട്ടുന്ന ഭക്ഷണത്തിനായി ആളുകള്‍ ഇങ്ങനെ ക്യൂ നില്‍ക്കേണ്ടി വരുന്നത് കണ്ടിട്ടുണ്ട്.

ഞാന്‍ ഒരിക്കലും കരുതിയതല്ല എന്റെ രാജ്യത്തെ ജനങ്ങളും ഇങ്ങനെ റേഷനായി കിട്ടുന്ന പണത്തിനായി കാത്തുനില്‍ക്കേണ്ടി വരുമെന്ന് മന്‍മോഹന്‍ പറയുന്നു.

ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് നോട്ട് നിരോധനം വന്‍ ദുരന്തമാണെന്ന് മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

അടിസ്ഥാന ആവശ്യത്തിന് പണം കിട്ടാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ഇങ്ങനെ ക്യൂവില്‍ നില്‍ക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പൊടുന്നനേ എടുത്ത ഈ തീരുമാനത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരും.

100 കോടിയിലധികം വരുന്ന ഇന്ത്യക്കാര്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസമാണ് നോട്ട് നിരോധിച്ച ഒറ്റ നടപടിയിലൂടെ നരേന്ദ്ര മോദി തകര്‍ത്തത്. എല്ലാ പണവും കള്ളപ്പണമാണെന്നും എല്ലാ കള്ളപ്പണവും പണമായിട്ടാണ് എന്ന് പറയുന്നതും ദുരന്തമാണ്. ഇത് യാഥാര്‍ഥ്യത്തില്‍ നിന്ന വളരെ അകലെയാണ്.

ഇന്ത്യയിലെ ജോലിക്കാരില്‍ 90 ശതമാനത്തിലധികം പേര്‍ക്കും വേതനം പണമായാണ് കിട്ടുന്നത്. ഇതില്‍ രാജ്യത്തെ ലക്ഷക്കണക്കിന് കാര്‍ഷകരും കാര്‍ഷിക തൊഴിലാളികളും ഉള്‍പ്പെടുന്നു.

ഗ്രാമങ്ങളില്‍ ജീവിക്കുന്ന 60 കോടി ജനങ്ങള്‍ക്ക് ഇന്നും ബാങ്ക് സേവനം അന്യമാണ്. അവര്‍ ദൈനംദിന കാര്യങ്ങള്‍ പണമായിട്ടാണ് കൈകാര്യം ചെയ്യുന്നത്. അവരുടെ സമ്പാദ്യം 500, 1000 രൂപ നോട്ടുകളായിട്ടാകും സൂക്ഷിച്ചിട്ടുണ്ടാകുക. അതിനെയെല്ലാം ഒറ്റയടിക്ക് കള്ളപ്പണമെന്ന് മുദ്രകുത്തി അവരുടെയെല്ലാം ജീവിതം താറുമാറാക്കുന്നത് വലിയ ദുരന്തമാണ്.

ഓരോ പൗരന്റേയും ജീവിതവും അവകാശവും സംരക്ഷിക്കുക എന്നത് തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഈ അടിസ്ഥാന ഉത്തരവാദിത്വത്തെയാണ് പ്രധാനമന്ത്രി ഒറ്റ പ്രഖ്യാപനത്തിലൂടെ പരിഹാസ്യമാക്കിയിരിക്കുന്നത്.

ഈ തീരുമാനത്തിന്റെ ദുരന്തഫലം വളരെ വലുതായിരിക്കും. വ്യവസായ ഉത്പാദനം കുറയുകയും തൊഴില്‍ കുറയുകയും ചെയ്യുന്ന കാലത്ത് ഈ നടപടി വളരെ വിപരീത ഫലമാണ് സമ്പദ് വ്യവസ്ഥയിലുണ്ടാക്കുക. ഓരോ രാജ്യത്തിന്റെയും വളര്‍ച്ചയില്‍ പ്രധാന സൂചികയാണ് അവിടുത്തെ ഉപഭോക്താവിന്റെ വിശ്വാസം. ആ വിശ്വാസം തകര്‍ത്തുകളഞ്ഞു.

കള്ളപ്പണം രാജ്യത്തെ ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്. പാവപ്പെട്ടവനെ ഒഴിച്ചുനിര്‍ത്തിയാല്‍ കള്ളപ്പണക്കാര്‍ ഭൂമി, സ്വര്‍ണം, വിദേശനിക്ഷേപം എന്നിവയിലാണ് അത് സൂക്ഷിച്ചിട്ടുണ്ടാകുക. കള്ളപ്പണത്തില്‍ വളരെക്കുറച്ച് മാത്രമേ പണമായിട്ടുള്ളൂ.

മറ്റ് രാജ്യങ്ങള്‍ക്ക് നോട്ട് പരിഷ്‌കരണം വളരെ വെല്ലുവിളിയാണെങ്കില്‍ ജനസംഖ്യ ഇത്രയുമുള്ള ഇന്ത്യയില്‍ അതിന്റെ രണ്ടിരട്ടിയായിരിക്കും പ്രശ്‌നങ്ങള്‍. നരകത്തിലേക്ക് പാത ഒരുക്കപ്പെടുന്ന നല്ല ഉദ്ദേശങ്ങളുടെ പേരിലായിരിക്കാം എന്ന് വ്യാഖ്യാനിക്കുന്നത് പോലെയാണ് ഈ തീരുമാനമെന്നും മന്‍മോഹന്‍ പറയുന്നു

Top