Mammootty to be the next Rajya Sabha candidate for CPM?

തിരുവനന്തപുരം: രാജ്യസഭയിലേക്ക് അടുത്ത് വരുന്ന ഒഴിവിലേക്ക് നടന്‍ മമ്മൂട്ടിയെ പരിഗണിക്കാന്‍ സാധ്യത.

സിനിമാ മേഖലയില്‍ തന്റെ എത്രയോ താഴെയുള്ള നടന്‍ സുരേഷ് ഗോപി എംപിയാവുകയും നടി മഞ്ജു വാര്യരെ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെയും പശ്ചാത്തലത്തില്‍ രാജ്യസഭാംഗമാകാന്‍ മമ്മൂട്ടി സമ്മതം മൂളുമെന്നാണ് അറിയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം നേതൃത്വവുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന മമ്മൂട്ടി സിപിഎം അനുകൂല കൈരളി ചാനലിന്റെ ആരംഭം മുതല്‍ അതിന്റെ ചെയര്‍മാനാണ്.

മുന്‍പ് പലതവണ മമ്മൂട്ടിയെ രാജ്യസഭയിലേക്ക് സിപിഎം നേതൃത്വം പരിഗണിക്കുന്നതായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും മമ്മൂട്ടി അത്തരം പ്രചരണങ്ങള്‍ക്ക് മുഖം കൊടുത്തിരുന്നില്ല. എംപിയായാല്‍ തന്റെ രാഷ്ട്രീയനിലപാട് പരസ്യമാക്കപ്പെടും എന്നതിനാലായിരുന്നുവത്.

എന്നാല്‍ ഇപ്പോള്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമാ രംഗത്ത് സെയ്ഫായ സാഹചര്യത്തില്‍ ഇനി രാജ്യസഭയില്‍ ഒരു കൈ നോക്കാം എന്ന നിലപാടിലാണ് താരമെന്നാണ് സൂചന. തന്റെ അടുത്ത സുഹൃത്തുക്കളുമായി മമ്മൂട്ടി ഇക്കാര്യം പങ്ക് വച്ചതായാണ് അറിയുന്നത്.

രാജ്യസഭയില്‍ നോമിനേറ്റ് ചെയ്യപ്പെട്ടാല്‍ കടുത്ത പാര്‍ട്ടിക്കാരനായി ചിത്രീകരിക്കപ്പെടില്ലെന്നാണ് വിശ്വാസം.

കേരളത്തിന് ഒന്‍പത് രാജ്യസഭ സീറ്റുകളാണ് ഉള്ളത്. നിലവില്‍ ഇതില്‍ മൂന്നെണ്ണം കോണ്‍ഗ്രസ്സിനും ലീഗിനും ജെഡിയുവിനും കേരള കോണ്‍ഗ്രസ്സ് എമ്മിനും ഓരോ സീറ്റ് വീതവുമാണ് ഉള്ളത്. മൂന്ന്‌സീറ്റാണ് ഇടതുപക്ഷത്തിനുള്ളത്.

കോണ്‍ഗ്രസ്സിന്റെ രാജ്യസഭാംഗങ്ങള്‍ എകെ ആന്റണി, പിജെ കുര്യന്‍, വയലാര്‍ രവി എന്നിവരാണ്. ഇതില്‍ ആന്റണിയുടെ കാലാവധി 2022 ഏപ്രില്‍ 2നും, പിജെ കുര്യന്റേത് 2018 ജൂലൈ 1നും, വയലാര്‍ രവിയുടേത് 2021 ഏപ്രില്‍ 21നുമാണ് അവസാനിക്കുക.

മുസ്ലീംലീഗിനെ പ്രതിനിധീകരിക്കുന്നപി വി അബ്ദുള്‍ വഹാബിന്റെ കാലാവധി അവസാനിക്കുന്നത് 2021 ഏപ്രില്‍ 21നാണ്.

കേരള കോണ്‍ഗ്രസ്സ് എമ്മിലെ ജോയ് എബ്രഹാമിന്റെ കാലാവധി 2018 ജൂലൈ 1നും ജെഡിയുവിലെ എംപി വീരേന്ദ്രകുമാറിന്റെ കാലാവധി 2022 ഏപ്രില്‍ 2നുമാണ് അവസാനിക്കുക.

സി പി നാരായണന്‍, കെ സോമപ്രസാദ്, കെ കെ രാഗേഷ് എന്നിവരാണ് ഇടത്പക്ഷത്തിന്റെ നിലവിലെ രാജ്യസഭാംഗങ്ങള്‍. ഇതില്‍ സി പി നാരായണന്റെ കാലവധി 2018 ജൂലൈ ഒന്നിന് അവസാനിക്കും. കെ സോമപ്രസാദിന്റെ കാലാവധി 2022 ഏപ്രില്‍ 2നും, കെ.കെ രാഗേഷിന്റേത് 2021 ഏപ്രില്‍ 21നുമാണ് അവസാനിക്കുക.

യുഡിഎഫിന്റെ കൈവശമുള്ള രണ്ട് സീറ്റിലേക്കും ഇടത്പക്ഷത്തിന്റെ കൈവശമുള്ള ഒരു സീറ്റിലേക്കുമാണ് 2018ല്‍ ഒഴിവ് വരുന്നത്. നിയമസഭയിലെ ഇപ്പോഴത്തെ ഭൂരിപക്ഷം നോക്കിയാല്‍ രണ്ട് പേരെ തിരഞ്ഞെടുത്ത് അയക്കാന്‍ ഇടത്പക്ഷത്തിന് നിഷ്പ്രയാസം കഴിയും. ഒരുസീറ്റിന് വേണ്ടി സിപിഐ വിലപേശും. സിപിഎമ്മിന് അര്‍ഹതപ്പെട്ട സീറ്റില്‍ മമ്മൂട്ടിയുടെ പേര് അടുത്ത സുഹൃത്ത്കൂടിയായ മുഖ്യമന്ത്രി പിണറായി നിര്‍ദ്ദേശിച്ചാല്‍ അതിന് ബദല്‍പേര് ഉയരാനുള്ള സാധ്യത വിദൂരമാണ്.

ലോക്‌സഭയിലും രാജ്യസഭയിലും സിപിഎം അംഗങ്ങളുടെ എണ്ണം പരിമിതമായതിനാല്‍ രാഷ്ട്രീയരംഗത്തുള്ളവരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചാല്‍ മാത്രമേ മമ്മൂട്ടിക്ക് മുന്നിലുള്ള സാധ്യത അടയുകയുള്ളു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരള ഘടകത്തിന്റെയും മുഖ്യമന്ത്രിയുടെയും നിര്‍ദ്ദേശം നിരാകരിക്കാന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് എളുപ്പം കഴിയുകയുമില്ല.

Top