Mamata stays put at secretariat, asks if it was army coup

ന്യൂഡല്‍ഹി: മമത ബാനര്‍ജി സര്‍ക്കാരിനെതിരെ നിലപാട് ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. നോട്ട് വിവാദത്തിന് തിരി കൊളുത്തുകയും ബദ്ധശത്രുവായ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളുമൊത്ത് കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തിറങ്ങുകയും ചെയ്ത മമതയുടെ നടപടിയാണ് കേന്ദ്രത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ മുന്നണിക്ക് മുന്‍കൈ എടുക്കാന്‍ പോലും മമത തയ്യാറാകുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.

ബംഗാളിലെ ദേശിയ പാതയിലെ ടോള്‍ബൂത്തിലടക്കം സൈന്യത്തെ വിന്യസിച്ച കേന്ദ്രത്തിന്‍െ നടപടി മമതക്കുള്ള വ്യക്തമായ മുന്നറിയിപ്പാണ്.

ഫെഡറല്‍ സംവിധാനം തകര്‍ക്കാന്‍ ഉദ്ദേശ്യമില്ലെങ്കിലും വേണ്ടി വന്നാല്‍ സൈന്യം ഇടപെടുമെന്ന സന്ദേശമാണ് മോദി സര്‍ക്കാര്‍ ഇത് വഴി നടത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ഇന്ധനം തീരാറായിട്ടും മമത സഞ്ചരിച്ച വിമാനത്തിന് ലാന്‍ഡിങ്ങിന് അനുമതി വൈകിയത് അവരെ അപായപ്പെടുത്താന്‍ ഉദ്ദേശിച്ചാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് ആരോപണമുന്നയിച്ചതിന്റെ തൊട്ട് പിന്നാലെയാണ് സൈന്യത്തിന്റെ സാന്നിധ്യം ബംഗാളിലെ നാഷണല്‍ ഹൈവേയിലെ ടോള്‍ ബൂത്തില്‍ പ്രകടമായിരുന്നത്.

new

സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടാതെയാണ് സെക്രട്ടറിയേറ്റിന് മുന്നിലടക്കം സൈന്യത്തെ വിന്യസിച്ചതെന്നും ഇത് ഗൂഢാലോചനയാണെന്നും ചൂണ്ടിക്കാട്ടി രാത്രി മുഴുവന്‍ ഓഫീസില്‍ ചിലവഴിച്ച മമതയുടെ നടപടിയെ തുടര്‍ന്ന് സൈന്യത്തെ പിന്‍വലിച്ചിരുന്നു. എന്നാല്‍ സൈന്യം വീണ്ടും മടങ്ങിയെത്താന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പിന്നീടും മമത ഓഫീസില്‍ തന്നെ തുടരുകയായിരുന്നു. പത്രസമ്മേളനം വിളിച്ചാണ് അവര്‍ ഈ വിവരം പ്രഖ്യാപിച്ചത്.

ദേശീയ പാതയിലെ ട്രെയിലറുകളുടെയും ട്രക്കുകളുടെയും കണക്കെടുക്കുന്ന സാധാരണ പരിശീലന നടപടിയാണ് ബംഗാളില്‍ നടത്തിയതെന്നാണ് സൈന്യം അവകാശപ്പെടുന്നത്. പിന്‍വലിച്ച സൈന്യത്തെ മറ്റിടങ്ങളില്‍ വിന്യസിക്കുമെന്നും സൈനിക വക്താവ് അറിയിച്ചിട്ടുണ്ട്.

ദേശിയ രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ ഈ സംഭവത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്കയോടെയാണ് കാണുന്നത്.

ഏത് സംസ്ഥാനത്ത് വേണമെങ്കിലും ആവശ്യമെന്ന് കണ്ടാല്‍ സൈന്യം ഇടപെടുമെന്ന സൂചനയാണ് ബംഗാളിലെ നടപടിയെന്നാണ് വലയിരുത്തല്‍.

500,1000 കറന്‍സി നോട്ടുകള്‍ പിന്‍വലിക്കും തീരുമാനം പ്രഖ്യാപിക്കും മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് സൈനിക വിഭാഗങ്ങളിലെ മേധാവികളുമായും ചര്‍ച്ച നടത്തിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ച പോലെ കലാപപരമായ നീക്കങ്ങള്‍ ഒരു സംസ്ഥാനത്ത് നിന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ബംഗാള്‍ മുഖ്യമന്ത്രി മമത, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍,കേരള-ത്രിപുര മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ശക്തമായി കേന്ദ്ര നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. കേരള നിയമസഭാ നോട്ട് അസാധുവാക്കലിനെതിരെ പ്രമേയം തന്നെ പാസാക്കിയിരുന്നു.

കേന്ദ്രത്തിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയര്‍ത്തിയത് ബംഗാള്‍ മുഖ്യമന്ത്രി മമത തന്നെയാണ്.

ശാരദ,നാരദ തട്ടിപ്പുകളില്‍ ലഭിച്ച കോടിക്കണക്കിന് രൂപ അസാധുവാക്കപ്പെട്ടതിന്റെ വിറളിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിനും മമതക്കുമെന്നാണ് ബിജെപിയുടെ ആരോപണം.

മമത നിലപാട് കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍ തിരിച്ച് നിലപാട് കടുപ്പിക്കാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.സൈന്യത്തെ വിന്യസിച്ചത് ഒരു സൂചനമാത്രമാണെന്നാണ് പറയപ്പെടുന്നത്.

തൃണമൂല്‍ നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം കൂടുതല്‍ ശക്തമാക്കാനും ഇവരുടെയും ബന്ധുക്കളുടെയും വീടുകളില്‍ ഇന്‍കംടാക്‌സ,എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളുടെ റെയ്ഡുകളും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.സിബിഐ അന്വേഷിക്കുന്ന കേസുകള്‍ ദ്രുതഗതിയിലാക്കാനും തീരുമാനമായിട്ടുണ്ട്.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്ഥാനം ഒഴിയുന്നതോടെ കേന്ദ്രസര്‍ക്കാരിന് തല്‍പരനായ വ്യക്തി രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ പ്രതീക്ഷ.

അങ്ങിനെ വന്നാല്‍ ആദ്യം പിരിച്ച് വിടപ്പെടുന്ന സര്‍ക്കാര്‍ മമത സര്‍ക്കാരായാലും അത്ഭുതപ്പെടേണ്ടതില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രത്യേകിച്ച് ക്രമസമാധാന രംഗം തകര്‍ന്ന സംസ്ഥാനമെന്ന നിലക്ക് ബംഗാളിലെ ഭൗതിക സാഹചര്യം കേന്ദ്രസര്‍ക്കാരിന് അനുകൂലവുമാണ്.

Top