മാലേഗാവ് സ്‌ഫോടനക്കേസ്‌ ; ശ്രീകാന്ത് പുരോഹിതിന് സുപ്രീം കോടതി ജാമ്യം

ന്യൂഡല്‍ഹി: 2008ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ ലഫ്.കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന് സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യം.

കഴിഞ്ഞ 9 വര്‍ഷമായി ജയിലിലായിരുന്നു ശ്രീകാന്ത് പുരോഹിത്. ഉപാധികളോടെയാണ് പരമോന്നത കോടതി ശ്രീകാന്തിന് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ആഴ്ച കോടതിയില്‍ നടന്ന വിചാരണ വേളയില്‍ താന്‍ 9 വര്‍ഷമായി ജയിലിലാണെന്നും ജാമ്യം അനുവദിക്കണമെന്നും പുരോഹിത് ആവശ്യപ്പെട്ടിരുന്നു. താന്‍ നിരപരാധിയാണെന്നും അഥവാ കുറ്റം ചെയ്‌തെന്ന കോടതി കണ്ടെത്തിയാലും തനിക്ക് 7 വര്‍ഷത്തെ ജയില്‍ ശിക്ഷ മാത്രമാണ് ലഭിക്കേണ്ടതെന്നും പുരോഹിത് കോടതിയെ അറിയിച്ചിരുന്നു.

പുരോഹിതിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് സുപ്രീംകോടതിയില്‍ ഹാജരായത്. പുരോഹിതിനെതിരെ ചുമത്തിയിരുന്ന മക്കോക നിയമം മഹാരാഷ്ട്ര ഹൈക്കോടതി പിന്‍വലിച്ചിരുന്നു. അതിനാല്‍ ഇടക്കാല ജാമ്യത്തിന് പുരോഹിത് അര്‍ഹനാണ്. ഒമ്പതു വര്‍ഷമായിട്ടും പുരോഹിതിനെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നും അഡ്വ. സാല്‍വെ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ജാമ്യാപേക്ഷയെ എന്‍.ഐ.എ ശക്തമായി എതിര്‍ത്തു.

മഹാരാഷ്ട്ര ഹൈക്കോടതി പുരോഹിതിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജഡ്ജിമാരായ ആര്‍.കെ. അഗര്‍വാള്‍, എ.എം സാപ്രെ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ആഗസ്റ്റ് 17ന് പരിഗണിച്ച ജാമ്യാപേക്ഷ വിധി പറയാനായി മാറ്റുകയായിരുന്നു.

2008 സെപ്തംബര്‍ 29ന് നാസികിലെ മാലെഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ 7 പേര്‍ കൊല്ലപ്പെടുകയും 100ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിനാവശ്യമായ ബോംബുകള്‍ പുരോഹിത് നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഇന്ത്യന്‍ ഭീകരവാദവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ആഴ്ന്നിറങ്ങിയ കാഴ്ചപാട് തിരുത്തിയ ഒന്നായിരുന്നു മാലേഗാവ് സ്‌ഫോടന കേസ്. ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര എ.ടി.എസ് അന്വേഷിച്ച ഈ കേസിലൂടെയാണ് രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനത്തനങ്ങളില്‍ സംഘ് പരിവാര്‍ സംഘടനകള്‍ക്കുള്ള പങ്ക് വെളിപ്പെടുന്നത്.

തീവ്ര ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള രാജ്യത്തെ രാഷ്ട്രീയ, സൈനിക, പൊലീസ്, ഇന്റലിജന്‍സ് മേഖലകളിലെ ഉന്നതരും സന്യാസിമാരും അടങ്ങിയ വലിയൊരു ശൃംഖലയിലേക്കാണ് അത് വെളിച്ചം വീശിയത്.

Top