ഇന്ത്യ നല്‍കിയ രണ്ട് ഹെലികോപ്ടറുകളില്‍ ഒരെണ്ണം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മാലിദ്വീപ്

helicopter

ന്യൂഡല്‍ഹി: നേരത്തെ ഇന്ത്യ നല്‍കിയ രണ്ട് ഹെലികോപ്ടറുകളില്‍ ഒരെണ്ണം തിരിച്ചെടുക്കണമന്ന് ആവശ്യപ്പെട്ട് മാലിദ്വീപ്. ധ്രുവ് വിഭാഗത്തില്‍പെട്ട രണ്ട് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറുകളാണ് ഇന്ത്യ മാലിക്ക് സമ്മാനിച്ചത്. അതേസമയം, കോപ്ടര്‍ തിരിച്ചു നല്‍കാനുള്ള യഥാര്‍ത്ഥ കാരണം മാലി വ്യക്തമാക്കിയിട്ടില്ല.

തങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യം സമുദ്ര നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഡോണിയര്‍ വിമാനങ്ങളാണെന്നും അതിനാലാണ് കോപ്ടര്‍ തിരിച്ചു നല്‍കുന്നതെന്നുമാണ് മാലി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. മാത്രമല്ല, ഹെലികോപ്ടര്‍ കൈമാറിയപ്പോള്‍ ഉണ്ടാക്കിയ ലെറ്റര്‍ ഒപ് എക്‌സചേഞ്ചിന്റെ കാലാവധി അവസാനിച്ചുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ ഇത് അഡ്ഡുവിലെ പവിഴ ദ്വീപുകളിലാണ് ഈ ഹെലികോപ്ടറുകള്‍ സേവനം നടത്തിവരുന്നത്.

സര്‍വീസ് നടത്തുന്ന രണ്ടാമത്തെ ഹെലികോപ്ടര്‍ പിന്‍വലിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടുന്ന കാര്യവും മാലി ആലോചിച്ച് വരികയാണ്. എന്നാല്‍, ഇക്കാര്യം മാലി സര്‍ക്കാരിലെ ഔദ്യോഗികവൃത്തങ്ങള്‍ നിഷേധിച്ചു.

മാലിദ്വീപിലെ അതീവ പ്രാധാന്യമുള്ള പ്രദേശമായ ലാമുവില്‍ തുറമുഖം നിര്‍മിക്കുന്ന കാര്യം ചൈന പരിഗണിച്ച് വരികയാണ്. ലാമുവിലെ ഗാധൂ ദ്വീപില്‍ നിന്ന് ആളുകളെ മാലി ഒഴിപ്പിച്ചതും ചൈനയുടെ അവിടത്തെ സജീവ സാന്നിദ്ധ്യവും അബ്ദുള്ള യമീന്‍ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളെ കുറിച്ച് സംശയങ്ങളുണര്‍ത്തിയിട്ടുണ്ട്.

ചൈനയെ തടയുക എന്ന ലക്ഷ്യത്തോടെ മാലിദ്വീപിന് ഇന്ത്യ സൈനിക സഹായവും പരിശീലന പരിപാടികളും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തിവരുന്നുണ്ട്. കോപ്ടറുകള്‍ കൂടാതെ മാലിദ്വീപിന്റെ പ്രതിരോധ സേനയെ സഹായിക്കുന്നതിനായി ആറ് പൈലറ്റുമാരുടെ സേവനവും ഇന്ത്യ ലഭ്യമാക്കുന്നുണ്ട്. ഇത് കൂടാതെ 10 തീരദേശ നിരീക്ഷണ റഡാര്‍ സംവിധാനവും ഇന്ത്യ ഒരുക്കുന്നുണ്ട്.

Top