അനധികൃതമായി കടന്നു കയറ്റം ; 56 റോഹിങ്ക്യകളെ മലേഷ്യന്‍ തീരത്ത് തടഞ്ഞു

rohi

ലങ്കാവി: മ്യാന്‍മറില്‍ നിന്നും പാലയാനം ചെയ്ത 56 റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായെത്തിയ ബോട്ട് ലങ്കാവി തീരത്ത് മലേഷ്യന്‍ നേവി സംഘം തടഞ്ഞു. മലേഷ്യന്‍ അതിര്‍ത്തിയിലൂടെ സഞ്ചരിച്ച ഇവരെ ലങ്കാവി ഐലന്‍ഡിലാണ് തടഞ്ഞത്.

അനുമതിയില്ലാതെ രാജ്യത്തേക്ക് കടന്ന അഭയാര്‍ഥികളെയാണ് സംഘം തടഞ്ഞതെന്ന് അഡ്മിറല്‍ അഹമ്മദ് കമറുല്‍സമാന്‍ അഹമ്മദ് ബദറുദ്ദീന്‍ പറഞ്ഞു. അഭയാര്‍ഥികളില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഭക്ഷണവും വെള്ളവും കിട്ടാതെ വളരെയധികം തളര്‍ന്ന അവസ്ഥയിലായിരുന്നു അഭയാര്‍ഥികളെന്ന് അദ്ദേഹം പറഞ്ഞു.

rohi6

കപ്പലിലെ അഭയാര്‍ഥികള്‍ സുരക്ഷിതരാണെന്നും അവര്‍ക്ക് ആവശ്യമായ ഭക്ഷണവും ,വെള്ളവും നല്‍കിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് ബോട്ടിന്റെ തകരാറുകള്‍ പരിഹരിച്ച ശേഷം അഭയാര്‍ഥികളെ ഇമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

19 സ്ത്രീകളും, 17 പുരുഷന്മാരും, 12 ആണ്‍കുട്ടികളും, എട്ട് പെണ്‍കുട്ടികളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി തലവന്‍ സുള്‍കിഫിലി അബു ബക്കര്‍ അറിയിച്ചു. നിയമ നടപടികള്‍ക്ക് ശേഷം സര്‍ക്കാര്‍ അനുവദിച്ചാല്‍ അഭയാര്‍ഥികളെ ഏറ്റെടുക്കുമെന്നും ഇല്ലെങ്കില്‍ തിരിച്ചയക്കുമെന്നും അദ്ദേഹം പറഞ്ഞു.

rohi3

കഴിഞ്ഞ നീണ്ട ഏഴു മാസത്തിനിടയില്‍ മ്യാന്മറിലെ രാഖിനി സംസ്ഥാനത്തു നിന്നും 7,00000 പേരാണ് അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. മ്യാന്മര്‍ സേനയുടെ അടിച്ചമര്‍ത്തലും, ക്രൂര നടപടികളില്‍ നിന്നും രക്ഷനേടുന്നതിനായാണ് ഇവര്‍ ഇവിടെ നിന്നും പലായനം ചെയ്യുന്നത്.

ക്രൂര പീഡനങ്ങളായിരുന്നു റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ ഇവിടെ അനുഭവിച്ചത്. രാഖിനി സംസ്ഥാനത്തു നിന്നും റോഹിങ്ക്യകളെ ഉന്‍മൂല നാശനം ചെയ്യുന്ന തരത്തിലായിരുന്നു സേനയുടെ നടപടി. ആക്രമണത്തില്‍ പലരും കൊല്ലപ്പെട്ടു, സ്ത്രീകളും കുട്ടികളും സൈന്യത്തിന്റെ പീഡനത്തിന് ഇരയായി.

rohingya_3

ലോക രാഷ്ട്രങ്ങള്‍ മ്യാന്‍മര്‍ ഭരണകൂടത്തിന്റെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതുവരെ റോഹിങ്ക്യകളുടെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

രക്ഷപ്പെടുന്ന റോഹിങ്ക്യകള്‍ അയല്‍ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. അനുമതിയില്ലാതെ എത്തുന്ന ഇവര്‍ പലപ്പോഴും പിടിക്കപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്യുന്നു. ജോലി വാഗ്ദാനം നല്‍കി സ്ത്രീകളും, പെണ്‍കുട്ടികളും ചൂഷണത്തിനിരയാകുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top