ഫ്ളോറിഡ: അമേരിക്കയിൽ മലയാളിക്കു നേരെ വംശീയാക്രമണം. കണ്ണൂർ സ്വദേശി ഷിനോയി മൈക്കലിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഏപ്രിൽ 19ന് വൈകുന്നേരം മൂന്നോടെയാണ് സംഭവം. ആഫ്രിക്കൻ അമേരിക്കൻ വംശജനായ ജറമിയ ഇമ്മാനുവൽ ഹെന്റട്രിക്സാണ് ഷിനോയിയെ ആക്രമിച്ചത്.
ഫ്ളോറിഡ വെസ്റ്റ് പാം ബീച്ചിന് സമീപം സ്റ്റുവർട്ട് സിറ്റിയിൽ അഞ്ചു വർഷമായി കണ്‍വീനിയന്റ് സ്റ്റോർ നടത്തി വരുകയായിരുന്നു ഷിനോയ്. ഇവിടെ ജോലിചെയ്യുന്ന ഇന്ത്യക്കാരിയുമായി ഷിനോയി സംസാരിച്ചുകൊണ്ടിരിക്കെ സ്റ്റോറിലേക്ക് ജറമിയ എത്തി. ഇയാൾ ജോലിക്കാരിയോട് മോശമായി പെരുമാറിയപ്പോൾ ഷിനോയി ഇടപെട്ടു. ഉടനെ ജറമിയ കത്തിയെടുത്ത് ഷിനോയിയുടെ കൈയിൽ വെട്ടി പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞു.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് ഷിനോയിയെ ആശുപത്രിയിലെത്തിച്ചത്. സിസി ടിവിയുടെ സഹായത്തോടെ അക്രമിയെ കണ്ടെത്തിയ പോലീസ് ഉടൻ ഇയാളെ അറസ്റ്റു ചെയ്തു.
ജറമിയയെ ചോദ്യം ചെയ്തപ്പോൾ, അവർ അറബികളാണെന്നും തനിക്ക് അറബികളെ ഇഷ്ടമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും പോലീസിനോട് പറഞ്ഞു.