ചിത്രീകരണ തിരക്കില്‍ മലയാള സിനിമ ; തലസ്ഥാനത്ത് നാല് ചിത്രങ്ങള്‍

തുവരെ കണ്ടിട്ടില്ലാത്ത ചിത്രീകരണ തിരക്കിലാണ് മലയാള സിനിമ ലോകം.

തിരുവന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നീളുന്ന ചിത്രീകരണ വിശേഷങ്ങള്‍, അതില്‍ തലസ്ഥാനത്ത് മാത്രം നാല് സിനിമകളാണ് ചിത്രീകരിക്കുന്നത്.

ഇത്രയധികം സിനിമകളുടെ ഷൂട്ടിങ് ഒരേ സമയം നടക്കുന്നത് അപൂര്‍വമാണെന്ന് സിനിമാലോകം തന്നെ പറയുന്നു.ഒന്നിലധികം ഷൂട്ടിങ് നടക്കുമ്പോള്‍ കിട്ടാനില്ലാത്തത് അസിസ്റ്റന്റുമാരെയാണ്.താരങ്ങള്‍ക്കു വേണ്ട കാരവനും വന്‍ ഡിമാന്‍ഡാണ്.

തൃശൂര്‍, കൊച്ചി, തൊടുപുഴ, തിരുവനന്തപുരം, ഒറ്റപ്പാലം, കോഴിക്കോട് എന്നിവയാണു ചിത്രീകരണം നടക്കുന്ന പ്രധാന ലോക്കേഷനുകള്‍.അതില്‍ തിരുവനന്തപുരത്ത് നാല് ചിത്രങ്ങളാണ് ഒരേ സമയം ചിത്രീകരിക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് മോഹന്‍ലാല്‍ നായകനാകുന്ന ലാല്‍ ജോസ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജാണ്. അനൂപ് മേനോന്‍, പ്രിയങ്ക നായര്‍, സിദ്ദിഖ്, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.40 ദിവസത്തെ ഷൂട്ടിംഗാണ് തലസ്ഥാനത്തുള്ളത്.

മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന മഞ്ജുവാര്യര്‍ ചിത്രം തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ചെങ്കല്‍ചൂള കോളനിയിലുമായി പുരോഗമിക്കുകയാണ്.

നന്ദുവിനെ നായകനാക്കി വിജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും തിരുവനന്തപുരത്ത് തുടങ്ങി.

നവാഗതനായ സുബൈര്‍ ഹമീദ് സംവിധാനം ചെയ്ത് പുതുമുഖങ്ങള്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ബ്രിട്ടീഷ് ബംഗ്ലാവാണ് തിരുവനന്തപുരത്ത് ചിത്രീകരണമാരംഭിച്ച മറ്റൊരു ചിത്രം.

Top