ഇതാണ് പൊലീസ്; കലാപത്തിന് പിന്നിലെ അദൃശ്യ ശക്തിയെ പിടികൂടിയ ഉദ്യാഗസ്ഥന്‍

mohan2

മലപ്പുറം: സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഉണ്ടാക്കിയ പ്രത്യാഘാതം മലബാറില്‍ സങ്കീര്‍ണ്ണ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരിക്കെ യഥാര്‍ത്ഥത്തില്‍ അണിയറയില്‍ നടന്നത് എന്താണെന്ന് കാണിച്ച് തന്നിരിക്കുകയാണ് ഒരു പൊലീസുദ്യോഗസ്ഥന്‍.

നിരവധി തെളിയാത്ത കേസുകള്‍ തെളിയിച്ചും കുറ്റാന്വേഷണ രംഗത്ത് സംസ്ഥാന പൊലീസിലെ തന്നെ ഒന്നാം സ്ഥാനക്കാരനുമായ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി മോഹനചന്ദ്രനാണ് വീണ്ടും പൊലീസിന്റെ അഭിമാനമായിരിക്കുന്നത്.

ഹര്‍ത്താല്‍ ആസൂത്രണം ചെയ്തവരെ ദിവസങ്ങള്‍ക്കകം പിടികൂടിയത് ഈ ഉദ്യോഗസ്ഥന്റെ മിടുക്ക് കൊണ്ട് മാത്രമാണ്. കേരളത്തെ അമ്പരിപ്പിച്ച അറസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ അറസ്റ്റിലായവരെ പിടികൂടുക വഴി മോഹനചന്ദ്രനും സംഘവും നടത്തിയത്.

എരിയുന്ന കനലില്‍ വെള്ളം കോരി ഒഴിച്ച അവസ്ഥയായാണ് രാഷ്ട്രീയ – സാമുദായിക നേതാക്കള്‍ പോലും ഈ നടപടിയെ വിലയിരുത്തുന്നത്.

അപ്രഖ്യാപിത ഹര്‍ത്താലില്‍ ജനങ്ങള്‍ മാത്രമല്ല സര്‍ക്കാരും ആശങ്കയിലായിരുന്നു. കേരളം മുഴുവന്‍ ഉറ്റു നോക്കിയ ഒരു സംഭവമാണ് മോഹനചന്ദ്രന്‍ വ്യക്തത വരുത്തിയത്. സമീപകാലത്ത് മലബാറില്‍ കോളിളക്കം സൃഷ്ടിച്ച കേസുകളിലെല്ലാം മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

ഒരു തരത്തിലുള്ള മുന്‍വിധിക്കും ഇടംകൊടുക്കാതെ, വാസ്തവമറിയാന്‍ ഏതറ്റം വരെയും പോകുന്ന ശൈലിയാണ് മോഹനചന്ദ്രന്റേത്. അദ്ദേഹത്തിന്റെ അന്വേഷണ മികവ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത് ചേലേമ്പ്ര ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ടായിരുന്നു. ദിവസങ്ങള്‍ക്കകമാണ് തൊണ്ടിമുതലുകളുമായി മോഹന ചന്ദ്രന്‍ പ്രതികള്‍ പിടികൂടിയത്.

മോഹനചന്ദ്രന്റെ അന്വേഷണം മുന്‍പും സര്‍ക്കാറിനെ തുണച്ചിട്ടുണ്ട്. മലപ്പുറത്ത് നായ്ക്കള്‍ക്ക് തുടര്‍ച്ചയായി വെട്ടേല്‍ക്കുന്നത് തീവ്രവാദ സംഘങ്ങളുടെ പരിശീലനത്തിനിടെയാണെന്ന പ്രചാരണം ശക്തമായ കാലത്ത് പുറത്തുവന്ന അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഒരുദാഹരണം മാത്രമാണ്. ഇണചേരുന്ന സീസണില്‍, നായ്ക്കള്‍ കടിപിടി കൂടിയുണ്ടാകുന്ന മുറിവുകളാണ് ഇവയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെയാണ് അന്ന് മോഹനചന്ദ്രന്‍ തെളിയിച്ചത്.

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലും, ബിബിന്‍ കൊലക്കേസിലും പ്രതികളെ വലയിലാക്കാന്‍ മോഹനചന്ദ്രന്റെ സംഘം നിര്‍ണായക പങ്കുവഹിച്ചിരുന്നു. കാസര്‍കോട് റിയാസ് മൗലവിയുടെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതും മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള ഈ സംഘം തന്നെ . അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസ് തെളിയിച്ചതും പ്രതികളെ വിദേശത്തുനിന്ന് തിരിച്ചെത്തിച്ചതും മോഹനചന്ദ്രന്റെ മിടുക്കുകൊണ്ടു മാത്രമാണ്. ജാര്‍ഖണ്ഡില്‍നിന്ന് കുട്ടികളെ കൊണ്ടുവന്ന കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിലും അദ്ദേഹമുണ്ടായിരുന്നു.

പൊലീസിന് തലവേദനയായ മാവോവാദി ഭീഷണിക്കാലത്ത് മലപ്പുറം എസ്.പി പ്രധാനമായും ആശ്രയിച്ചത് മോഹനചന്ദ്രന്റെ സംഘത്തെയാണ്. കരുളായി വനത്തിലെ വെടിവെപ്പിനു മുമ്പും ശേഷവും കാട് അരിച്ചുപെറുക്കിയുള്ള പരിശോധനയുടെ നേതൃത്വവും ഇദ്ദേഹത്തിനായിരുന്നു.

സമൂഹമാധ്യമ ഹര്‍ത്താലിന് പിന്നില്‍ സംഘ്പരിവാര്‍ ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയതോടെ വാട്‌സ്ആപ്പിലൂടെ ആശങ്ക പരത്തി കൂടുതല്‍ കുഴപ്പമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമുണ്ടായിരുന്നു. ഇതും തടയാന്‍ കഴിഞ്ഞത് മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള് അവസരോചിതമായ ഇടപെടലിലാണ്.

അതേസമയം,സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അമര്‍നാഥ് ബൈജു മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനും പിന്നീട് സംഘടനയില്‍ നിന്നും വിട്ട് ശിവസേനയില്‍ ചേര്‍ന്ന ആളാണെന്നുമുള്ള വാര്‍ത്ത വന്നത് സംഘ പരിവാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഹര്‍ത്താല്‍ കേസ് വഴിതിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും, ആര്‍.എസ്.എസിന് സംഭവത്തില്‍ ഒരു ബന്ധവുമില്ലെന്നുമുള്ള പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിയുടെ പ്രസ്താവനയൊന്നും ഏശിയിട്ടില്ല.

കാര്യങ്ങള്‍ ശരിയായ രീതിയില്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന വിമര്‍ശനമാണ് പല സംഘപരിവാര്‍ നേതാക്കള്‍ക്കുമുള്ളത്. മത പ്രശ്‌നമായതിനാല്‍ ഇടപെടാനാവില്ലെന്ന നിലപാടിലായിരുന്നു ബി.ജെ.പി. സംഘ നിര്‍ദ്ദേശം കിട്ടാതിരുന്നതിനാല്‍ ഹിന്ദുഐക്യവേദിയും മൗനം പാലിച്ചിരുന്നു. ഇത് കത്വ വിഷയത്തിനു പിന്നില്‍ സംഘപരിവാറാണെന്ന ധ്വനിയുണ്ടാക്കിയെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആരോപിച്ചത്. പല സ്ഥലങ്ങളിലും പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ക്ക് ഒരുങ്ങിയിരുന്നെങ്കിലും നേതൃത്വം പിന്തിരിപ്പിക്കുകയായിരുന്നു.

Top