വില്‍പനയില്‍ പുരോഗതിയില്ല ; കാറുകളെ പിന്‍വലിക്കാനൊരുങ്ങി മഹീന്ദ്ര

mahindra

കാറുകളെ പിന്‍വലിക്കാനൊരുങ്ങി മഹീന്ദ്ര. ഉത്പാദന നിരയില്‍ നിന്നും നാല് കാറുകളെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ഉടന്‍ പിന്‍വലിക്കുന്നു. വില്‍പനയില്‍ കാര്യമായ പുരോഗതി കൈവരിക്കാത്ത വെരിറ്റോ സെഡാന്‍, വെരിറ്റോ വൈബ് നോച്ച്ബാക്ക്, സൈലോ എംപിവി, നുവോസ്‌പോര്‍ട് മോഡലുകളുടെ ഉത്പാദനം നിര്‍ത്താനാണ് മഹീന്ദ്രയുടെ തീരുമാനം.

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ മോഡലുകളെ ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം. 2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് നടപ്പിലാകാനിരിക്കുന്ന പുതിയ മലിനീകരണ മാനദണ്ഡങ്ങളും മോഡലുകളുടെ പിന്‍മാറ്റത്തിനുള്ള കാരണമാണ്.

പഴയ തലമുറ കാറുകളെ ബിഎസ് സ്റ്റേജ് VIലേക്ക് കൊണ്ടുവരാന്‍ മഹീന്ദ്രയ്ക്ക് താത്പര്യമില്ല. ‘2020 ല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും മലിനീകരണ മാനദണ്ഡങ്ങളും മഹീന്ദ്ര കാറുകള്‍ ഉടന്‍ പാലിക്കും’ മഹീന്ദ്ര തലവന്‍ പവന്‍ ഗോയങ്കെ പറയുന്നു.

സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാകും മഹീന്ദ്ര കാറുകള്‍ വിപണിയില്‍ എത്തുകയെന്നും പവന്‍ ഗോയങ്കെ കൂട്ടിച്ചേര്‍ത്തു. അതത് ശ്രേണിയില്‍ പിന്‍വലിക്കുന്ന മോഡലുകള്‍ക്ക് പകരം പുതിയ അവതാരങ്ങളെ മഹീന്ദ്ര അവതരിപ്പിക്കും. മഹീന്ദ്ര സൈലോയ്ക്ക് പകരം പുതിയ മഹീന്ദ്ര TUV300 പ്ലസ് വിപണിയിലെത്തും.

Top