ഇലക്ട്രിക് കാറുകള്‍ വാങ്ങാനൊരുങ്ങി കേന്ദ്രം ; നേട്ടമാകുന്നത് മഹീന്ദ്ര ആന്റ് മഹീന്ദ്രയ്ക്ക്

ന്യൂഡല്‍ഹി: നിലവിലുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പകരമായി ഇലക്ട്രിക് കാറുകള്‍ വാങ്ങാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

സര്‍ക്കാരിന്റെ ഈ തീരുമാനം നേട്ടമാകുന്നത് മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനിക്കും.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്നും ചുവടുമാറാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് 10,000 ഇലക്ട്രിക് കാറുകള്‍ വാങ്ങാനൊരുങ്ങുന്നത്.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി 10,000 ഇലക്ട്രിക് കാറുകള്‍ക്കും 4,000 ചാര്‍ജറുകള്‍ക്കും ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ്, ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ്.

2030 ഓടെ പെട്രോള്‍, ഡീസല്‍ കാറുകളെ ഉപേക്ഷിച്ച് ഇലക്ട്രിക് കാറുകളിലേക്ക് കടക്കുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഭാരത് AC 001 DC 001 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 3000 AC ചാര്‍ജറുകള്‍ക്കും, 1000 DC ചാര്‍ജറുകള്‍ക്കുമാണ് കേന്ദ്രം ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നിലവില്‍ മഹീന്ദ്ര മാത്രമാണ് ഇലക്ട്രിക് കാറുകളെ ഉത്പാദിപ്പിക്കുന്നത്. മാത്രമല്ല, ഇലക്ട്രിക് ശ്രേണിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനായി 600 കോടി രൂപ നിക്ഷേപമാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ നടത്തിയിരിക്കുന്നതും.

അതിനാല്‍, കേന്ദ്രം ക്ഷണിച്ചിരിക്കുന്ന ടെന്‍ഡര്‍ മഹീന്ദ്ര കരസ്ഥമാക്കുമെന്നാണ് സൂചന.

Top