സിനിമയില്‍ നായികമാരെ വെറും കാഴ്ചവസ്തുക്കളായി പ്രദര്‍ശിപ്പിക്കരുതെന്ന് ജ്യോതിക

സിനിമകളില്‍ നായികമാരെ നായകന്മാരുടെ നിഴലായി അവതരിപ്പിക്കുന്നതിനെതിരെ വിമര്‍ശനവുമായി തെന്നിന്ത്യന്‍ താരം ജ്യോതിക രംഗത്ത്.

ഇന്ന് സിനിമയില്‍ നടിമാരെ നായകന്മാര്‍ക്കൊപ്പം നൃത്തം ചെയ്യാനും ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കാനും ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ പറഞ്ഞു കളിയാക്കാനുമുള്ള കേവല വസ്തുവായിട്ട് പരിഗണിക്കുന്നത് ഖേദകരമാണെന്ന് ജ്യോതിക ചൂണ്ടികാട്ടി.

നായികമാര്‍ സിനിമയില്‍ വെറും കാഴ്ചവസ്തുക്കളായി തരം താഴ്ത്തപ്പെട്ടിരിക്കുന്നു. ഒരു നായകന് ഒരു സിനിമയില്‍ എന്തിനാണ് രണ്ടും മൂന്നും നാലുമൊക്കെ നായികമാര്‍, ഒരാള്‍ പോരെ. സിനിമയില്‍ നടിമാര്‍ അണിയുന്ന വസ്ത്രവും ശരീരഭാഷയും യുവ തലമുറ അനുകരിക്കുന്നു. നമ്മള്‍ സിനിമാക്കാര്‍ക്ക് സമൂഹത്തോടുള്ള ഉത്തവാദിത്വത്തെ വിസ്മരിക്കരുത്. ദയവായി സ്ത്രീകളെ സിനിമയില്‍ ലഹരി വസ്തുവായി ചിത്രീകരിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

ജ്യോതികയുടെ 36 വയതിനിലേ എന്ന സിനിമയ്ക്ക് ശേഷം മഗലിര്‍ മട്ടും എന്ന ചിത്രവും തിയേറ്ററുകളിലേക്ക് എത്തുകയാണ്.

സിനിമയിലേക്ക് മടങ്ങിവരാന്‍ അവസരം ഒരുക്കിയ ഭര്‍ത്താവ് സൂര്യയ്ക്ക് ജ്യോതിക പ്രത്യേക നന്ദിയും പറഞ്ഞു. ‘സിനിമയിലേക്ക് മടങ്ങിവരാന്‍ കാരണം സൂര്യയാണ്. അദ്ദേഹവും കുടുംബവും നല്‍കിയ പിന്തുണയാണ് ഇന്ന് ഈ വേദിയില്‍ നില്‍ക്കാന്‍ കാരണം’ വിവാഹിതരാകുന്ന ഓരോ താരങ്ങള്‍ക്കും ഇത്തരത്തിലുള്ള പിന്തുണയാണ് വേണ്ടതെന്നും ജ്യോതിക പറഞ്ഞു.

വിജയ് നായകനായി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നായികമാരില്‍ ഒരാളായി ജ്യോതികയെ പരിഗണിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രീകരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ജ്യോതിക പിന്‍മാറിയതായും പകരം നിത്യാ മേനോന്‍ ഈ റോളിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. മൂന്ന് നായിമാര്‍ ആണ് ഈ ചിത്രത്തിലുള്ളത്.

കാജല്‍ അഗര്‍വാള്‍, സമന്ത പ്രഭു, നിത്യാ മേനോന്‍. മൂന്ന് നായികമാരിലൊരാളായി പരിഗണിച്ചതും പ്രാധാന്യം കുറഞ്ഞതുമാണ് ജ്യോതികയുടെ പിന്‍മാറ്റത്തിന് പിന്നിലെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാദത്തെ ബലപ്പെടുത്തുന്നതാണ് മഗലിയര്‍ മട്ടും ഓഡിയോ ലോഞ്ചില്‍ ജ്യോതിക നടത്തിയ പ്രസംഗം.

Top