‘അതിരപ്പിള്ളി പദ്ധതി കൊണ്ട് കേരളത്തിന് ഗുണമില്ല’, ദോഷം മാത്രമെന്ന് മാധവ് ഗാഡ്ഗില്‍

കോഴിക്കോട്: അതിരപ്പിള്ളി പദ്ധതി കൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ലെന്ന് പ്രമുഖ ശാസ്ത്രഞ്ജന്‍ മാധവ് ഗാഡ്ഗില്‍.

പകരം ദോഷം മാത്രമാകും സംഭാവനയെന്നും അദ്ദേഹം പറഞ്ഞു.

വന്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന അതിരപ്പിള്ളി പദ്ധതിയുടെ ലാഭകണക്കുകളെല്ലാം പെരുപ്പിച്ചു കാണിക്കുകയാണ്. പ്രകൃതിയുടെ നാശവും രാഷ്ട്രീയക്കാരുടെ ലാഭവും എന്നതൊഴിച്ചാല്‍ ആര്‍ക്കും ഇതുകൊണ്ട് ഗുണമുണ്ടാകില്ലെന്നും ഗാഡ്ഗില്‍ വ്യക്തമാക്കി.

കേരളം സൗരോര്‍ജ പദ്ധതിയിലേക്കാണ് തിരിയേണ്ടത്. കേരളത്തില്‍ ഇത്തരം പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകള്‍ മൗനം പാലിക്കുന്നത് അവസാനിപ്പിക്കണം. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനും കോളജ് അദ്ധ്യാപകനും ആയിരുന്ന ഐ.ജി.ഭാസ്‌കര പണിക്കര്‍ അനുസ്മരണ സമ്മേളനത്തില്‍ ശാസ്ത്രവും ജനാധിപത്യവും എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു ഗാഡ്ഗില്‍.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അപ്പാടെ അസത്യമാണ്. റിപ്പോര്‍ട്ട് തെറ്റാണെന്ന് തെളിയിക്കാന്‍ താന്‍ തയ്യാറാണ്. ഇതിനായി കസ്തൂരി രംഗനുമായി സംവാദത്തിന് ഒരുക്കമാണെന്നും ഗാഡ്ഗില്‍ വ്യക്തമാക്കി.

Top