വിമാനത്താവളത്തില്‍ വസ്ത്രമഴിച്ച് പരിശോധന: ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു

ന്യൂഡല്‍ഹി: പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ച ദക്ഷിണാഫ്രിക്കന്‍ താരം ലുങ്കി എംഗിടി വിമാനത്താവളത്തില്‍ അപമാനിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. പരിശോധനയുടെ പേരില്‍ കറുത്ത വംശജനായ എംഗിടിയുടെ വസ്ത്രമഴിച്ച് പരിശോധിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം അറിയിച്ച് എംഗിടി ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ് എംഗിടി. പിതാവ് മരിച്ചതറിഞ്ഞ് വെള്ളിയാഴ്ച രാവിലെയാണ് താരം ജൊഹാന്നസ്ബര്‍ഗിലേക്ക് മടങ്ങിയത്. ചെന്നൈ വിമാനത്താവളത്തിലാണോ മുംബൈ ഛത്രപതി വിമാനത്താവളത്തിലാണോ സംഭവം നടന്നതെന്ന് വ്യക്തമല്ല.

ഇതോടെ ചെന്നൈ ടീമില്‍ ഇനി എംഗിടി കളിക്കാനുള്ള സാധ്യത മങ്ങി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ചെന്നൈ നിരയില്‍ എംഗിടി ഉണ്ടായിരുന്നില്ല. എംഗിടിയുടെ കന്നി ഐപിഎല്ലായിരുന്നു ഇത്.

കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തിലാണ് എംഗിടി ആദ്യമായി ദക്ഷിണാഫ്രിക്കന്‍ ടീമില്‍ അരങ്ങേറിയത്. അരങ്ങേറ്റമത്സരം കാണാന്‍ താരത്തിന്റെ പിതാവും എത്തിയിരുന്നു.

Top