Lt. Governer najeeb-jung-replace-alphonse kannanthanam?

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ച് രാജ്യത്തെ ഏറ്റവും കടുത്ത എതിരാളി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് .

രാജ്യ തലസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും വലിയ വാര്‍ത്താ പ്രാധാന്യമാണ് കെജരിവാളിന് നല്‍കിവരുന്നത്.

പ്രധാനമന്ത്രിക്കെതിരെ വ്യക്തിപരവും രാഷ്ട്രീയ പരവുമായി കെജരിവാള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ ബിജെപി നേതൃത്വം രോഷാകുലരുമാണ്.

ഡല്‍ഹി മുഖ്യമന്ത്രിയാണെങ്കിലും പൊലീസ് ഭരണം ചൊല്‍പ്പടിയിലല്ല എന്നത് കെജരിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും ഏറെ അസ്വസ്ഥമാക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന്‍ കീഴില്‍ വരുന്ന ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് പാര്‍ട്ടി എംഎല്‍എമാരെയും പ്രവര്‍ത്തകരെയും ബിജെപി കള്ള കേസുകളില്‍ കുടുക്കുകയാണെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ പ്രധാന ആരോപണം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി കേന്ദ്ര സഹായം ലഭിക്കാത്തതും ഡല്‍ഹി ലഫ്.ഗവര്‍ണറെ ഉപയോഗിച്ച് പ്രതിസന്ധി സൃഷ്ടിക്കുന്നതുമെല്ലാം മുഖ്യമന്ത്രിയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലാണ് പലപ്പോഴും കലാശിക്കുന്നത്.

ഇപ്പോള്‍ ലഫ്.ഗവര്‍ണര്‍ നജീബ് രാജിവെച്ച സാഹചര്യത്തില്‍ ശക്തനായ ‘എതിരാളിയെ ‘ഡല്‍ഹിയിലിറക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.

ഐഎഎസ് പദവി രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ അല്‍ഫോണ്‍സ് കണ്ണന്താനത്തെയാണ് ഇതിനായി പ്രധാനമായും പരിഗണിക്കുന്നത്.

ഐആര്‍എസ് പദവി രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങിയ കര്‍ക്കശക്കാരനായ അരവിന്ദ് കെജരിവാളിനെ ‘നിലക്ക് നിര്‍ത്താന്‍’ ഐഎഎസ് പദവി വിട്ട് വന്ന കര്‍ക്കശകാരന് തന്നെ നറുക്ക് വീണാല്‍ അത് ഡല്‍ഹി ഭരണത്തില്‍ പുതിയ പോര്‍മുഖം തന്നെ തുറക്കാന്‍ വഴിയൊരുക്കും.

ഡല്‍ഹി വികസന അതോറിറ്റിയുടെ (ഡിഡിഎ) തലപ്പത്ത് പ്രവര്‍ത്തിക്കുമ്പോള്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട് ഡല്‍ഹിയെ ഞെട്ടിച്ച ഉദ്ദ്യോഗസ്ഥനായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം.

അഴിമതിക്കെതിരെ കര്‍ക്കശ നടപടി സ്ഥീകരിക്കുന്ന കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും തന്റെ സിവില്‍ സര്‍വീസ് കാലയളവില്‍ കണ്ണന്താനം ചെയ്തിട്ടില്ല.

അഴിമതി വിരുദ്ധ നടപടികളിലൂടെ ശ്രദ്ധേയരായ രണ്ട് പേര്‍ ഡല്‍ഹി ഭരണം കയ്യാളുന്ന അസാധാരണ സഹചര്യം സംജാതമാകുമോ എന്ന് രാഷ്ട്രീയ കേന്ദ്രങ്ങളും ഇപ്പോള്‍ ഉറ്റുനോക്കുകയാണ്.

ഡല്‍ഹി സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ അധികാരം നല്‍കണമെന്ന സുപ്രീം കോടതി നിരീക്ഷണവും ഇനി വരാനിരിക്കുന്ന അന്തിമ വിധിയുമെല്ലാം കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്.

സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ച് കേന്ദ്ര ഇടപെടലിന് കടിഞ്ഞാണിടാനും പൊലീസിന്റെ നിയന്ത്രണം കൈക്കലാക്കാനുമാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ നീക്കം.

ഇത് മുന്നില്‍ കണ്ട് കൂടിയാണ് പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരും ഇപ്പോള്‍ ശ്രമം നടത്തുന്നത്.

മുന്‍ ഐപിഎസ് ഓഫീസര്‍ കിരണ്‍ ബേദി പുതുച്ചേരിയിലെ. ലഫ്. ഗവര്‍ണറായി നിയമിതയായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലഫ്.ഗവര്‍ണറായി അല്‍ഫോണ്‍സ് കണ്ണന്താനത്തെ നിയമിച്ചേക്കുമെന്നാണ് സൂചന.

Top