ലോക് സഭ തിരഞ്ഞെടുപ്പ് നേരത്തെയോ ? കര്‍ണ്ണാടകയിലും സൂപ്പര്‍ താരം മോദി തന്നെ

narendra modi

ന്യൂഡല്‍ഹി: കടുത്ത വെല്ലുവിളികളെ അതിജീവിച്ച് കര്‍ണ്ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയുടെ വിജയശില്പികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും.

മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഒന്നും കാണാത്ത രൂപത്തിലുള്ള വ്യക്തിഹത്യയിലേക്ക് വരെ ശരങ്ങള്‍ എയ്ത തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ്സ് നേതാക്കള്‍ രാഷ്ട്രപതിക്ക് പരാതി നല്‍കുന്ന സാഹചര്യം വരയുണ്ടായി. മോദിക്കെതിരെയും കടുത്ത ആരോപണങ്ങളാണ് കോണ്‍ഗ്രസ്സും ഉന്നയിച്ചിരുന്നത്. ഭരണ തുടര്‍ച്ച പ്രതീക്ഷിച്ച സിദ്ധരാമയ്യ സര്‍ക്കാറിന് പ്രചരണത്തിലുടനീളം വെല്ലുവിളിയായത് മോദിയുടെ പ്രചരണമായിരുന്നു.

6

ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറി നടത്തിയ ക്യാമ്പയിനുകള്‍ക്കൊപ്പം മോദിയുടെ തീപ്പൊരി പ്രസംഗം കൂടിയായപ്പോള്‍ കൈവിട്ടെന്ന് ബി.ജെ.പി കരുതിയ ലിംഗായത്തുകളും കാവിയെ പുണരുകയായിരുന്നു. കേവല ഭൂരിപക്ഷത്തിന് ഏതാനും സീറ്റുകള്‍ മാത്രം മതിയെന്നതിനാല്‍ സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് കര്‍ണ്ണാടകയിലെ ബി.ജെ.പി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശവും ജനങ്ങള്‍ക്കിടയില്‍ ബി.ജെ.പി ഭരണം പിടിക്കുമെന്ന പ്രതീതിയുണ്ടാക്കാനും ഷായും മോദിയും നടത്തിയ തേരോട്ടം കാവിപ്പടക്ക് ഗുണം ചെയ്തു.

അമിത് ഷാ തന്നെ കര്‍ണ്ണാടകയിലെ പ്രചരണം ഏകോപിപ്പിക്കണമെന്ന നിര്‍ദ്ദേശം ആദ്യം മുന്നോട്ട് വച്ചതും മോദി തന്നെയാണ്. ശൂന്യതയില്‍ നിന്നും ത്രിപുര ഭരണം പിടിച്ച മോദി – അമിത് ഷാ മാജിക്കിനു മുന്നില്‍ കോണ്‍ഗ്രസ്സിന്റെ സകല തന്ത്രങ്ങളും പിഴക്കുകയായിരുന്നു. കര്‍ണ്ണാടക കൂടി വിജയിച്ച സാഹചര്യത്തില്‍ ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഭരണം നിലനിര്‍ത്തേണ്ടത് ബി.ജെ.പിയുടെ അഭിമാന പ്രശ്‌നമാണ്.

3

തുടര്‍ച്ചയായി ഭരണം നടത്തുന്നത് ഭരണ വിരുദ്ധ വികാരം ഈ സംസ്ഥാനങ്ങളില്‍ സൃഷ്ടിക്കപ്പെടുവാനുള്ള സാഹചര്യം ബി.ജെ.പി നേതൃത്വവും മുന്‍കൂട്ടി കാണുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ മറികടക്കാന്‍ രാജസ്ഥാന്‍ – മധ്യപ്രദേശ് തിരഞ്ഞെടുപ്പിനൊപ്പം തന്നെ ലോക് സഭ തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയാണ് മോദി ക്യാംപ് ആലോചിക്കുന്നത്.

ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ മനസ്സ് അനുകൂലമായാല്‍ പാര്‍ലമെന്റ് പിരിച്ച് വിട്ട് തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കര്‍ണ്ണാടകയിലെ പരാജയത്തോടെ കൂടുതല്‍ ദുര്‍ബലമായ കോണ്‍ഗ്രസ്സ് രാജസ്ഥാന്‍ – മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാമെന്ന് കണക്ക് കൂട്ടിയിരിക്കെയാണ് അണിയറയിലെ ഈ തന്ത്രപരമായ നീക്കം.

രാജസ്ഥാനിലും മധ്യപ്രദേശിലും കര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യം പ്രഖ്യാപിച്ച് കൂടെ നിര്‍ത്താന്‍ പ്രത്യേക പാക്കേജ് തന്നെ കൊണ്ടുവരുന്ന കാര്യവും സര്‍ക്കാറിന്റെ പരിഗണനയിലാണ്.

4

മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായി ധാരണയുണ്ടാക്കാനാണ് നീക്കം. ശിവസേന വെല്ലുവിളി തുടരുന്ന പശ്ചാത്തലത്തില്‍ ഇനി അവരുമായി കൂട്ട് വേണ്ടന്ന നിലപാടിലാണ് ബി.ജെ.പി ഉന്നത നേതൃത്വം. തമിഴകത്ത് രജനീകാന്തുമായും ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സുമായും സഖ്യമുണ്ടാക്കി മത്സരിച്ചില്ലങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇരുവിഭാഗത്തിന്റെയും പിന്തുണ ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്.

യു.പിയില്‍ സമാജ് വാദി – ബി.എസ്.പി കൂട്ട് കെട്ട് പൊളിക്കാന്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി പിന്നോക്ക വോട്ട് അനുകൂലമാക്കാന്‍ യു.പി സര്‍ക്കാര്‍ ഇതിനകം തന്നെ ശ്രമം തുടങ്ങി കഴിഞ്ഞു.

കാര്യങ്ങള്‍ ഇപ്പോള്‍ ബി.ജെ.പിക്ക് അനുകുലമായതിനാല്‍ ഇനി എത്രയും പെട്ടന്ന് ലോക് സഭ തിരഞ്ഞെടുപ്പിലേക്ക് പോകാവുന്നതാണെന്നാണ് ബി.ജെ.പി അനുകൂല രാഷ്ട്രീയ നിരീക്ഷകര്‍ പാര്‍ട്ടി നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. മോദിക്ക് ബദലായി ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ ഇല്ലന്നതാണ് പ്രതിപക്ഷം നേരിടുന്ന പ്രധാന വെല്ലുവിളി.

കര്‍ണ്ണാടക കൈവിട്ടതോടെ രാഹുലിന്റെ പ്രധാനമന്ത്രി പദമോഹം ത്രിശങ്കുവിലാണ്. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള കുറു മുന്നണിക്കാകട്ടെ സി.പി.എമ്മും എതിരാണ്. യു.പിയിലെ പ്രതിപക്ഷ പ്രതീക്ഷ പൊളിയുന്നതോടെ പ്രതിപക്ഷ ചേരിയുടെ നിലനില്‍പ്പുതന്നെ അപകടത്തിലുമാകും. രണ്ടാം ഊഴം മോദിക്ക് ലഭിച്ചാല്‍ അഴിമതി കേസില്‍ അകത്ത് കിടക്കേണ്ടി വരുമോ എന്ന ഭയവും പ്രതിപക്ഷ നേതാക്കള്‍ക്ക് ഇപ്പോള്‍ ഉണ്ട്.

സുനന്ദ പുഷ്‌ക്കര്‍ മരണവുമായി ബന്ധപ്പെട്ട് പത്തു വര്‍ഷം തടവ് ലഭിക്കുന്ന കുറ്റം ശശി തരൂര്‍ എം.പിക്ക് എതിരെ ചുമത്തിയ ഡല്‍ഹി പൊലീസ് നടപടി കോണ്‍ഗ്രസ്സ് നേതാക്കളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പൊലീസ് സര്‍ക്കാര്‍ അറിയാതെ ഇത്തരമൊരു സാഹസത്തിന് മുതിരില്ലന്നാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ വിശ്വസിക്കുന്നത്.

5

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരക്കെതിരെയുള്ള പരാതികളില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും ഇടപാടുകളില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന സൂചനകളും കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തുന്നതാണ്. മോദി സര്‍ക്കാറിന്റെ അവസാന കാലയളവില്‍ ‘പലിശ സഹിതം’ കണക്ക് തീര്‍ക്കാന്‍ ബി.ജെ.പി ഒരുങ്ങുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.

വ്യാജ ഏറ്റുമുട്ടല്‍ കേസിലും മറ്റും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദിയെയും അമിത് ഷായെയും കുടുക്കി തുറങ്കിലടക്കാന്‍ നടത്തിയ നീക്കത്തിന് ലോക് സഭ തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചടി നല്‍കുമെന്നാണ് പറയപ്പെടുന്നത്.

ബി.എസ്.പി നേതാവ് മായാവതി യു.പി മുഖ്യമന്ത്രിയായിരിക്കെ പ്രതിമാ നിര്‍മ്മാണത്തില്‍ നടത്തിയ വന്‍ അഴിമതി, ബംഗാള്‍ മുഖ്യമന്ത്രി മമതയെയും തൃണമൂല്‍ നേതാക്കളെയും പ്രതിക്കൂട്ടിലാക്കിയ ചിട്ടി തട്ടിപ്പ് എന്നിവയിലും നടപടി കടുപ്പിക്കുമെന്നാണ് അറിയുന്നത്.

Top