വിജിലന്‍സില്‍ ബഹ്‌റ ഇതിനകം റദ്ദാക്കിയത് 36 ഉത്തരവുകള്‍, ടോം ജോസിനും ക്ലിന്‍ ചിറ്റ് ?

തിരുവനന്തപുരം: പെയിന്റ് വിവാദത്തില്‍ വെട്ടിലായ ലോക് നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായതിനു ശേഷം റദ്ദാക്കിയത് 36 ഉത്തരവുകള്‍ !

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍പ്പെട്ട മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ടോം ജോസ് അടക്കമുള്ള പല ഉന്നതര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതായാണ് പുറത്തു വരുന്ന വിവരം.

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ കര്‍ക്കശ നടപടിക്ക് വിധേയരായവരാണിവര്‍.

അഴിമതിക്കാരെ പിടിക്കുകയാണ് രക്ഷപ്പെടുത്തുകയല്ല നയമെന്ന് പറയുന്ന സര്‍ക്കാര്‍ വിജിലന്‍സില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ജീവനക്കാര്‍ക്കിടയില്‍ പോലും ശക്തമായിട്ടുണ്ട്.

ഇതിനിടെ ബെഹ്‌റ പൊലീസ് മേധാവിയായിരിക്കെ ഉത്തരേന്ത്യന്‍ കമ്പനികളില്‍ നിന്നും വാങ്ങിക്കൂട്ടിയത് നിലവാരമില്ലാത്ത ലാത്തികളും കലാപ നിയന്ത്രണ സംവിധാനങ്ങളുമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

ഉത്തരേന്ത്യന്‍ കമ്പനിയുടെ ലാത്തി ലാ അക്കാദമി സമരത്തിനിടെ ഉപയോഗിച്ചപ്പോള്‍ ഒടിയുകയും ഒടിഞ്ഞ ഭാഗം സമരക്കാരുടെ ദേഹത്ത് തറച്ചു കയറുന്ന സാഹചര്യമുണ്ടായതോടെ ലക്ഷങ്ങള്‍ ചിലവഴിച്ച് വാങ്ങിക്കൂട്ടിയ പോളി കാര്‍ബണേറ്റഡ് ലാത്തികള്‍ ക്യാമ്പുകളിലേക്ക് മാറ്റിയ സംഭവമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ഇതിനു പുറമെ കലാപ നിയന്ത്രണ സംവിധാനം വാങ്ങിയതുള്‍പ്പെടെ 80 ഇനം സാധനങ്ങള്‍ വാങ്ങിയതില്‍ മിക്കതിനും യാതൊരു രേഖയുമില്ലെന്നും ആരോപണമുണ്ട്.

പെയിന്റ് പോലെ ഇവയില്‍ മിക്കതിലും ടെന്‍ഡര്‍, എസ്റ്റിമേറ്റ്, കരാര്‍ ഇവയൊന്നുമില്ലാതെയായിരുന്ന പര്‍ച്ചേസിങ്ങത്രെ.

കമ്പനികളുടെ മുന്‍പരിചയമടക്കം പത്ത് കാര്യങ്ങളില്‍ പര്‍ച്ചേസ് കമ്മിറ്റ് പരിശോധിച്ച് വേണം തീരുമാനമെടുക്കാനെന്നും ഇതിന് മൂന്ന് മാസത്തിലൊരിക്കല്‍ കമ്മിറ്റി ചേരണമെന്നുമാണ് ചട്ടം. എന്നാല്‍ ഇതൊന്നും ഇപ്പോള്‍ രേഖകളില്‍ കാണുന്നില്ലെന്നാണ് സൂചന.

Top