അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്ഷേപങ്ങൾ അടിസ്ഥാനരഹിതം: ബെഹ്റ

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ചതുൾപ്പെടെ സംസ്ഥാനത്ത് അടുത്ത് കാലത്ത് ഉണ്ടായ ചില കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി.

കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യക്തിപരമായി ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് ശരിയായ പ്രവണതയല്ല.

നടിയെ ആക്രമിച്ച കേസിൽ ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭ്യമാക്കുന്നതിനും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും വേണ്ടി, തികച്ചും നിയമപരമായി, ഏറെ ജാഗ്രതയോടെയുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. എ .ഡി .ജി .പി. ബി സന്ധ്യയ്‌ക്ക് മേൽനോട്ടച്ചുമതല മാത്രമാണുള്ളത്.

സ്വാമി ഗംഗേശാനന്ദയുടെ കേസ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ബി. സന്ധ്യ ഈ അന്വേഷണ സംഘത്തിലില്ല. നിരപരാധികളായ ഒരാളേയും പൊലീസ് കേസിൽ പ്രതികളാക്കില്ല. എന്നാൽ കുറ്റം ചെയ്യുന്നവർ എത്ര ഉന്നതരായാലും രക്ഷപ്പെടാൻ അനുവദിക്കുകയുമില്ല. തെളിവുകളും വസ്‌തുതകളും മാത്രമാണ് കേസന്വേഷണത്തിൽ പരിഗണിക്കുന്നത്.

Top