പ്രാദേശിക സഖ്യത്തിന് സി.പി.എം, ലക്ഷ്യം . . നാൽപ്പതിൽ കുറയാത്ത സീറ്റുകൾ നേടുക !

cpm

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പരമാവധി അംഗങ്ങളെ എത്തിക്കുവാന്‍ സി.പി.എം പ്രാദേശിക കൂട്ട് കെട്ടിന് തയ്യാറെടുക്കുന്നു.

യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി, ബീഹാറില്‍ ആര്‍.ജെ.ഡി, മഹാരാഷ്ട്രയില്‍ എന്‍.സി.പി, കര്‍ണ്ണാടകയില്‍ ജെ.ഡി.എസ്, തമിഴകത്ത് കമല്‍ഹാസന്‍ ഉള്‍പ്പെട്ട രാഷ്ട്രീയ സഖ്യം അല്ലങ്കില്‍ ഡി.എം.കെ , ഒറീസയില്‍ ബിജു ജനതാദള്‍, പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എന്നിവയുമായി സഖ്യമോ ധാരണയോ ഉണ്ടാക്കാനാണ് ആലോചന.

ആന്ധ്രയില്‍ തെലുങ്കുദേശം, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് എന്നീ രണ്ട് പാര്‍ട്ടികളില്‍ ഏതാണ് അഭികാമ്യം എന്നതില്‍ ആന്ധ്ര സംസ്ഥാന കമ്മറ്റിയുടെ തീരുമാനം നിര്‍ണ്ണായകമാവും.

ബംഗാളിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസ്സുമായി ധാരണ ഉണ്ടാക്കണമോ എന്നത് സംബന്ധിച്ച് സംസ്ഥാന ഘടകങ്ങളുടെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര കമ്മറ്റി അന്തിമ തീരുമാനമെടുക്കും.

cpm

സഖ്യം സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സി.പി.എം കേന്ദ്ര കമ്മറ്റി സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന തലത്തിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സഖ്യം രൂപപ്പെടുത്തി 40 സീറ്റിലെങ്കിലും വിജയിക്കുക എന്നതാണ് തന്ത്രം.

കേരളത്തിലും ത്രിപുരയിലും ഇടതുപക്ഷം ഒറ്റക്ക് തന്നെ മത്സരിക്കും. പരമാവധി അംഗങ്ങളെ വിജയിപ്പിച്ച് കേന്ദ്രത്തില്‍ ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുക എന്നതാണ് സി.പി.എം ലക്ഷ്യം.

കേരളത്തില്‍ സി.പി.ഐ മത്സരിക്കുന്ന തിരുവനന്തപുരം തൃശൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുക്കണമെന്ന് പാര്‍ട്ടിയിലെ വികാരം സംസ്ഥാന ഘടകം ചര്‍ച്ച ചെയ്യും. രണ്ടില്‍ ഏതെങ്കിലും ഒരു മണ്ഡലം പരസ്പരം വച്ച് മാറാനുള്ള നിര്‍ദ്ദേശം ഇടതുമുന്നണി യോഗത്തില്‍ സി.പി.എം ഉന്നയിക്കും.

മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, യു.പി സംസ്ഥാനങ്ങളില്‍ സി.പി.എം കര്‍ഷക വിഭാഗത്തിന്റെ നേതൃത്യത്തില്‍ നടത്തിയ കര്‍ഷക സമരത്തിന് വലിയ ജനപിന്തുണ ലഭിച്ചതിനാല്‍ ഇവിടങ്ങളില്‍ സി.പി.എം സഖ്യത്തിന് മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും താല്‍പ്പര്യമുണ്ട്.

cpm

മഹാരാഷ്ട്രയില്‍ അടുത്തയിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ശതമാനം കുത്തനെ ഉയര്‍ത്തി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞിരുന്നു.

ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ മണ്ഡലത്തിന് അനുസരിച്ച് രംഗത്തിറക്കണമെന്നതാണ് നേതൃത്വത്തിന്റെ നിലപാട്. അതു കൊണ്ട് തന്നെ വ്യക്തിപരമായ താല്‍പ്പര്യങ്ങളും പാര്‍ട്ടിയിലെ പദവികളും പരിഗണിക്കാതെ പൊതു സമ്മതരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാണ് സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെടുക.

രണ്ട് തവണയില്‍ കൂടുതല്‍ എം.പി ആയവര്‍ക്ക് അവസരം നല്‍കില്ല. പ്രത്യേക സാഹചര്യം മുന്‍ നിര്‍ത്തി മാത്രമേ ഇക്കാര്യത്തില്‍ ഇളവ് നല്‍കുകയുള്ളൂ. സിറ്റിംഗ് എം.പിമാരുടെ പ്രകടനവും വിലയിരുത്തലില്‍ നിര്‍ണായക ഘടകമാവും.

Top