‘യു വില്‍ നെവര്‍ വാക്ക് എലോണ്‍’ കേരളത്തിന് സഹായവുമായി ലിവര്‍പൂള്‍

പ്രളയകെടുതി നേരിടുന്ന കേരളത്തിന് സഹായ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ലിവര്‍പൂള്‍. യു വില്‍ നെവര്‍ വാക്ക് എലോണ്‍ എന്നാണ് കേരളത്തിന് ലിവര്‍പൂളിന്റെ കരുതല്‍. ക്ലബ്ബിന്റെ ടാഗ് ലൈന്‍ തന്നെയാണ് അവര്‍ കേരള ജനതയ്ക്കായി പറഞ്ഞത്. കേരളത്തില്‍ ലിവര്‍പൂളിന്റെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ കേരള റെഡ്‌സിനോടാണ് സഹായം നല്‍കുമെന്ന് ലിവര്‍പൂള്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് കേരള റെഡ്‌സ് ട്വിറ്ററില്‍ നടത്തിയ കാംപെയിന്‍ ലിവര്‍പൂള്‍ ക്ലബ്ബ് സി ഒയുടെ ശ്രദ്ധയില്‍ പെടുകയും അദ്ദേഹം ഇക്കാര്യത്തില്‍ സഹായം ഉറപ്പാക്കുകയുമായിരുന്നു.

നേരത്തെ ദുരിതത്തില്‍പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ രംഗത്ത് വന്നിരുന്നു. കേരളത്തിലെ മഹാപ്രളയത്തിന് ഇരകളായവരുടെ കുടുംബത്തിന് അനുശോചനമറിയിക്കുന്നതായും, എല്ലാവര്‍ക്കും പിന്തുണ ഉറപ്പാക്കുമെന്നും ബാഴ്‌സലോണ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

കഴിയുന്നത്ര സഹായം ബാഴ്‌സയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന വികാരമാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. മലയാളികള്‍ ബാഴ്‌സയുടെ പോസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ ദുരിതത്തിനൊപ്പം നില്‍ക്കാന്‍ കാട്ടിയ ആ വലിയ മനസ്സ് നമ്മള്‍ കാണാതെ പോകരുതെന്ന് മലയാളത്തില്‍ നിരവധിപേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

Top