Lionel Messi to retire from International Football

ന്യൂജെഴ്‌സി: അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നും വിരമിക്കുന്നതായി അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത പുറത്തു വിട്ടത്.

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ചിലിയോട് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റതിന് തൊട്ടു പിറകെയാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മെസ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മെസ്സി, താന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുകയാണെന്ന് വെളിപ്പെടുത്തിയത്.

ടൂര്‍ണമെന്റില്‍ മെസ്സിയുടെ മികവിലാണ് അര്‍ജന്റീന കലാശപ്പോരാട്ടം വരെയെത്തിയത്.

ചിലി തീര്‍ത്ത പ്രതിരോധത്തില്‍ മെസ്സി കുരുങ്ങിപ്പോയിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടെത്തിയപ്പോള്‍ മെസ്സി ദുരന്ത നായകനായി. കിക്കെടുത്ത മെസ്സിയുടെ പന്ത് നേരെ പുറത്തേക്ക്, തലതാഴ്ത്തി മെസ്സി നടന്നു നീങ്ങി. കൈയത്തെുമകലെനിന്നും വീണ്ടുമൊരു നഷ്ടം കൂടി മെസ്സിയെ തേടിയെത്തി. രണ്ടു പതിറ്റാണ്ടുകാലം നീണ്ടുനിന്ന കാത്തിരിപ്പ് മൂന്നാം തവണയും തട്ടിയകന്നപ്പോഴാണ് മെസ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനം.

പെലെ, മറഡോണ, റൊണാള്‍ഡോ, സിദാന്‍ തുടങ്ങിയ മഹാരഥന്മാര്‍ അലങ്കരിക്കുന്ന വിശ്വതാരങ്ങളുടെ പട്ടികയില്‍ ചോദ്യംചെയ്യപ്പെടാതിരിക്കാന്‍ മെസ്സിക്ക് ഇത്തവണ കിരീടം അനിവാര്യമായിരുന്നു.

രണ്ടുവര്‍ഷം മുമ്പ് ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിലും ഒരുവര്‍ഷം മുമ്പ് ചിലിയിലെ സാന്റിയാഗോ സ്റ്റേഡിയത്തിലും കണ്ട കാഴ്ചകളുടെ തനിയാവര്‍ത്തനമായിരുന്നു ന്യൂജെഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലും ഉണ്ടായത്. ബ്രസീല്‍ ലോകകപ്പില്‍ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡ് ഏറ്റുവാങ്ങി മടങ്ങുമ്പോഴും ലയണല്‍ മെസ്സിയുടെ നിറഞ്ഞുതുളുമ്പിയ കണ്ണുകള്‍ ആ കിട്ടാതെപോയ സ്വര്‍ണകപ്പിലായിരുന്നു.

ഒരുവര്‍ഷത്തിനിപ്പുറം ചിലിയില്‍ നടന്ന കോപ ഫൈനലില്‍ കൂടുതല്‍ വികാരതീവ്രമായി. ചിലിയോട് അന്നും പെനാല്‍റ്റിഷൂട്ടൗട്ടില്‍ കീഴടങ്ങിയ മെസ്സി മികച്ച താരത്തിനുള്ള അവാര്‍ഡുപോലും സ്വീകരിക്കാതെ നടന്നകന്നപ്പോള്‍ ആരാധകലോകത്തിന്റെ കണ്ണുകളും തുളുമ്പി. ഇക്കുറി കിരീടം ഉറപ്പിച്ചായിരുന്നു നീലപ്പട ടൂര്‍ണമെന്റില്‍ കളിക്കാനെത്തിയത്.

അതേസമയം, മെസ്സിക്കു പിന്നാലെ അര്‍ജന്റെീനയിലെ പ്രതിരോധ താരം യാവിയര്‍ മഷറാനോയും അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നും വിരമിച്ചു. 32കാരനായ മഷറാനോ നീലപ്പടയുടെ പ്രതിരോധ നിരയിലെ മുന്നണിപ്പോരാളിയാണ്. നീലപ്പടക്കായി 130 മത്സരങ്ങളില്‍ മഷറാനോ ഇറങ്ങിയിട്ടുണ്ട്.

ബാഴ്‌സലോണയില്‍ മെസ്സിയുടെ സഹതാരമായ മഷറാനോ 2008-2011 സീസണുകളില്‍ അര്‍ജന്റീനന്‍ നായകനായിരുന്നു. തുടര്‍ച്ചയായ മൂന്ന് കിരീട നഷ്ടങ്ങളിലും മെസ്സിക്കൊപ്പം മഷറാനോയും ടീമിനൊപ്പമുണ്ടായിരുന്നു.

Top