Lionel Messi: Argentina striker reverses decision to retire from national team

lional messi

ലോകമെങ്ങുമുളള ഫുട്‌ബോള്‍ ആരാധകരെ കണ്ണീരിലാഴ്ത്തിയ തീരുമാനം പിന്‍വലിച്ച് അര്‍ജന്റീനിയന്‍ നായകനായിരുന്ന ലയണല്‍ മെസി വീണ്ടും രാജ്യാന്തര ഫുട്‌ബോളിലേക്ക് മടങ്ങി എത്തുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട്.

ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുളള അര്‍ജന്റീന ടീമിലേക്ക് ലയണല്‍ മെസിയും സെര്‍ജിയോ അഗ്യുറോ അടക്കമുളള താരങ്ങളെ പുതിയ കോച്ചായ എഡ്ഗ്വാര്‍ഡോ ബ്വാസാ തെരഞ്ഞെടുത്തിട്ടുണ്ട്.

കോപ്പാ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റതിനു പിന്നാലെയായിരുന്നു ആരാധകരെ നിരാശയിലാഴ്ത്തി മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനം എത്തിയത്. മത്സരത്തില്‍ മെസി പെനാല്‍റ്റി പാഴാക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലും ചിലിയോട് അര്‍ജന്റീന തോറ്റിരുന്നു.

രാജ്യത്തോടുളള സ്‌നേഹം മൂലമാണ് മടങ്ങി എത്തുന്നതെന്നാണ് മെസി തിരിച്ചുവരവിനെക്കുറിച്ച് വ്യക്തമാക്കിയത്. കോപ്പ അമേരിക്കയില്‍ ചിലിയോടുളള ഫൈനല്‍ നടന്ന രാത്രിയിലാണ് വിരമിക്കാനുളള തീരുമാനം കൈക്കൊണ്ടത്.

എന്നാല്‍ മറ്റെന്തിനെക്കാള്‍ സ്വന്തം രാജ്യത്തിനായി ജേഴ്‌സി അണിയുന്നത് മഹത്വരമാണെന്ന് കരുതുന്നു.അതിനാല്‍ തിരിച്ചുവരുന്നുവെന്ന് മെസി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

മെസിയില്ലാതെ ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ കളത്തിലിറങ്ങിയ അര്‍ജന്റീന നിര്‍ണായക മത്സരത്തില്‍ ആദ്യറൗണ്ടില്‍ ഹോണ്ടുറാസിനോട് സമനില വഴങ്ങി പുറത്തായിരുന്നു. പിന്നാലെയാണ് രാജ്യത്തിനായി വീണ്ടും നീലക്കുപ്പായം അണിയാന്‍ മെസി എത്തുമെന്ന വാര്‍ത്തകളും പുറത്തുവരുന്നത്.

സെപ്റ്റംബര്‍ ആദ്യം ഉറുഗ്വേ, വെനസ്വേല എന്നി ടീമുകളുമായിട്ടാണ് അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍.

Top