പലസ്തീനെ അംഗീകരിക്കുന്നതു വരെ ഇസ്രായേലിനെ രാഷ്ട്രമായി അംഗീകരിക്കേണ്ട : പി.എല്‍.ഒ

palastine-plo

റാമല്ല: പലസ്തീനെ അംഗീകരിക്കുന്നതു വരെ ഇസ്രായേലിനെ രാഷ്ട്രമായി അംഗീകരിക്കേണ്ടെന്ന് പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) തീരുമാനിച്ചു. പി.എല്‍.ഒയുടെ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച ശുപാര്‍ശ പലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസിന് കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയില്‍ അന്തിമ തീരുമാനം മെഹ്മൂദ് അബ്ബാസ് സ്വീകരിക്കും. ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യുഎസ് നടപടിയുടെ പശ്ചാത്തലത്തില്‍ ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനാണ് പി.എല്‍.ഒ. യോഗം ചേര്‍ന്നത്.

ഇസ്രായേല്‍ യുദ്ധത്തിന് മുന്‍പ് ഉണ്ടായിരുന്ന പലസ്തീന്‍ അതിര്‍ത്തികളും, കിഴക്കന്‍ ജറുസലേം തലസ്ഥാനവും ഇസ്രായേല്‍ അംഗീകരിക്കണം എന്നാണ് 1990ലെ ഓസ് ലോ കരാറില്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം അംഗീകരിച്ചു കൊണ്ടാണ് ഇസ്രായേല്‍ കരാറില്‍ ഒപ്പിട്ടത്. ഇതിന് വിരുദ്ധമായാണ് ജറുസലേമിനെ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.

ഇതുപ്രകാരം യു.എസ് എംബസി ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍അവീവില്‍ നിന്ന് മാറ്റാന്‍ ട്രംപ് ഉത്തരവിട്ടിരുന്നു. ട്രംപിന്റെ പ്രഖ്യാപനത്തോടെ പലസ്തീനെയും ഇസ്രായേലിനെയും രണ്ടു രാഷ്ട്രങ്ങളായി കാണാനുള്ള യു.എസ് നയമാണ് തകര്‍ക്കപ്പെട്ടത്.

Top