letter rejected by the Central Committee of the Maoist zonal unneeded police encounter

നിലമ്പൂര്‍: പൊലീസുമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശം പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റി പാലിച്ചില്ല. കേന്ദ്ര നേതൃത്വം നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതാണ് നിലമ്പൂര്‍ കാട്ടില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജും അജിതയുമടക്കം രണ്ടു മാവോയിസ്റ്റ് നേതാക്കളുടെ ജീവന്‍ നഷ്ടപ്പെടുത്തിയത്.

പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് പൊലീസിന്റെ ശക്തി കുറച്ചുകാണുന്നത് അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പു നല്‍കികൊണ്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കു നല്‍കിയ രേഖയുടെ പകര്‍പ്പാണ് പുറത്തായത്.

പൊളിറ്റിക്കല്‍ മിലിട്ടറി ക്യാംപയിനിന്റെ ഭാഗമായി ഗ്രാമങ്ങളിലും നഗരങ്ങളിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ 18 മാസം നീളുന്ന പദ്ധതിയാണ് സി.പി.ഐ മാവോയിസ്റ്റ് ആസൂത്രണം ചെയ്തത്. കേരളത്തില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ എത്തിയപ്പോള്‍ തന്നെ പൊലീസിനു നേരെ വെടിവെപ്പു നടത്തിയിരുന്നു. ഈ നീക്കം അപകടം വരുത്തുമെന്ന മുന്നറിയിപ്പു നല്‍കുന്നതാണ് കേന്ദ്ര കമ്മിറ്റിയുടെ കത്ത്.

രാഷ്ട്രീയപരമായും സംഘടനാപരമായും പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അടിസ്ഥാന വര്‍ഗത്തിന്റെ പോരാട്ടവും ഉണ്ടാവണം. അതിനായി സ്‌ക്വാഡുവര്‍ക്കുകള്‍ അടക്കം സജീവമാക്കണം. ഈ ഘട്ടത്തില്‍ പൊലീസിനെതിരെ ആക്രമണം നടത്തിയാല്‍ അവര്‍ ശക്തമായി തിരിച്ചടിക്കും. അതിനെ ചെറുക്കാന്‍ നമുക്ക് കഴിയുകയില്ല. നമ്മുടെ പദ്ധതികളെ അതു തകര്‍ക്കും.

രണ്ടും മൂന്നും ഘട്ടത്തില്‍ നമ്മുടെ ശക്തിയെക്കുറിച്ച് അമിത പ്രതീക്ഷപുലര്‍ത്തി ശത്രുവിന്റെ (പൊലീസ്) ശക്തി കുറച്ചുകണ്ട് നടത്തുന്ന ആക്രമണം തിരിച്ചടിയാകും. ചില കേന്ദ്രങ്ങളില്‍ പൊലീസിന് എത്താന്‍ കഴിയില്ലെങ്കിലും ഗ്രാമ, നഗേേരമഖലകളില്‍ തിരിച്ചടിക്കാന്‍ അവര്‍ക്കു കഴിയും. ജനങ്ങളില്‍ ഭീതി വളരുകയും നമ്മുടെ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയും ചെയ്യും.

തമിഴ്‌നാട്ടില്‍ രണ്ട് തവണ നടത്തിയ സായുധ പോരാട്ടങ്ങള്‍ പരാജയപ്പെട്ടതു മുന്‍നിര്‍ത്തിയും നാലര പതിറ്റാണ്ട് നീണ്ട വിമോചനപോരാട്ടത്തിന്റെ അനുഭവ സമ്പത്തില്‍ നിന്നുമാണ് ഈ കാര്യങ്ങള്‍ പറയുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. നഗരമേഖലകളില്‍ പാര്‍ട്ടിക്ക് കാര്യമായ സ്വാധീനമില്ലെന്ന സ്വയം വിമര്‍ശനവും കത്തില്‍ ഉണ്ട്.

letter1

പെറുവിലെയും നേപ്പാളിലെയും വിമോചനപോരാട്ടങ്ങളെ മാതൃകയാക്കിയാണ് 18 മാസത്തെ പദ്ധതി ആസൂത്രണം ചെയ്തത്. ഓരോ ഘട്ടത്തിലും പറഞ്ഞകാര്യങ്ങള്‍ മാത്രം ചെയ്യണം. നാലും അഞ്ചും ഘട്ടത്തില്‍ മാത്രമാണ് ശത്രുവിനെതിരെ (പൊലീസ്) ആക്രമണം പാടുള്ളൂവെന്നും വ്യക്തമാക്കുന്നുണ്ട്.

കേരളത്തില്‍ ഒന്നാം ഘട്ട പ്രവര്‍ത്തനം പൂര്‍ത്തിയായി രണ്ടാം ഘട്ടത്തിലേക്കു കടക്കുമ്പോഴാണ് കേന്ദ്ര കമ്മിറ്റിയുടെ പൊലീസിനെ ആക്രമിക്കരുതെന്ന കത്തു ലഭിക്കുന്നത്. ഇത് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കുള്ള കത്താണെന്നും സോണല്‍ കമ്മിറ്റിയില്‍ വെക്കേണ്ടതില്ലെന്നും പ്രത്യേകം പറയുന്നുണ്ട്. പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജിനു ലഭിച്ചതാണ് കേന്ദ്ര നേതൃത്വത്തിന്റെ ഈ കത്തെന്നാണ് പൊലീസ് കരുതുന്നത്.

കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പും നിര്‍ദ്ദേശവും അവഗണിച്ച് ഒന്നാം ഘട്ടത്തില്‍ തന്നെ പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റി പൊലീസിനെതിരെ ആക്രമണം നടത്തിയിരുന്നു. അട്ടപ്പാടിയിലും കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24 കരുളായി കാഞ്ഞിരക്കടവ് വനത്തിലും സെപ്തംബര്‍ 27ന് മുണ്ടക്കടവ് കോളനിയിലും മാവോയിസ്റ്റുകള്‍ പൊലീസിനു നേരെ നിറയൊഴിച്ചിരുന്നു.

മുണ്ടക്കടവ് കോളനിയില്‍ മാവോയിസ്റ്റുകളുടെ വെടിവെയപ്പില്‍ തലനാരിഴക്കാണ് പൊലീസുകാര്‍ രക്ഷപ്പെട്ടത്. അന്ന് വെടിവെയ്പ്പില്‍ പൊലീസ് ജീപ്പിന് വെടിയേറ്റിരുന്നു.

Top