ടൈറ്റാനിക് ദുരന്തത്തിന്റെ അവശേഷിപ്പുകളിലൊന്നായ കത്തിന് റെക്കോര്‍ഡ് ലേലത്തുക

ലണ്ടന്‍: ടൈറ്റാനിക് ദുരന്തം സംഭവിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ടൈറ്റാനിക്കിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഈ ഭൂമിയില്‍ നിന്നും മായുന്നില്ല എന്നതിന് മറ്റൊരു തെളിവു കൂടി.

കപ്പല്‍ ദുരന്തത്തിന്റെ അവശേഷിപ്പായി ലഭിച്ച, ദുരന്തത്തില്‍ മരിച്ചയാളുടെ കത്ത് വിറ്റു പോയത് റെക്കോര്‍ഡ് ലേലത്തുകയ്ക്ക്‌.

ഒരു കോടിയിലേറെ രൂപയ്ക്കാണ് കത്ത് വിറ്റു പോയത്. അവശേഷിപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് വിറ്റു പോയതും ഈ കത്താണ്.

കപ്പലിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാരനായ അലക്‌സാണ്ടര്‍ ഒസ്‌കര്‍ ഹോള്‍വേഴ്‌സണ്‍ തന്റെ മാതാവിന് എഴുതിയ കത്താണിത്. കപ്പലിനെയും കപ്പലിലെ ഭക്ഷണത്തെയും സംഗീതത്തെയും പുകഴ്ത്തിക്കൊണ്ടുള്ളതായിരുന്നു കത്ത്.

കപ്പലിലെ പ്രശസ്തരായ യാത്രകാര്‍ക്കൊപ്പമുള്ള അനുഭവങ്ങളും കത്തില്‍ വിവരിക്കുന്നുണ്ട്. 1912 ഏപ്രില്‍ 13നാണ് കത്ത് എഴുതിയത്.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്ന് കണ്ടെടുത്ത ഹോഴ്‌സണിന്റെ മൃതദേഹത്തില്‍ നിന്ന് ലഭിച്ച കത്തിന്റെ പലഭാഗത്തും മഷി പടര്‍ന്നിട്ടുണ്ട്.

ഹോള്‍വേഴ്‌സണിന്റെ കുടുംബാംഗങ്ങളായ ഹെന്‍ട്രി അല്‍ഡ്രിഡ്ജും മകനുമാണ് ലേലം നടത്തിയത്.

Top