ലക്ഷ്മി നായര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ച എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കി

aisf

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചതിന് എ ഐ എസ് എഫ് യൂണിറ്റ് സെക്രട്ടറി വിവേകിനെ സംഘടനയില്‍ നിന്ന് പുറത്താക്കി.

സംഘടനയുമായി ആലോചിക്കാതെയാണ് കേസ് പിന്‍വലിച്ചതെന്ന് ചൂണ്ടികാട്ടിയാണ് എ ഐ എസ് എഫ് വിവേകിനെതിരെ നടപടി സ്വീകരിച്ചത്. അതേസമയം സംഘടനയില്‍ നിന്ന് രാജിവെച്ചതാണെന്ന് വിവേക് പ്രതികരിച്ചു. നേരത്തെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കമുള്ളവര്‍ അറിഞ്ഞാണ് താന്‍ പരാതി പിന്‍വലിച്ചതെന്നും വിവേക് പ്രതികരിച്ചിരുന്നു.

വിവേകിന്റെ ആരോപണം നിഷേധിച്ച് കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ലക്ഷ്മി നായര്‍ക്കെതിരെ നല്‍കിയ കേസ് എ ഐ എസ് എഫ് പിന്‍വലിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവേക് പരാതി പിന്‍വലിച്ചത് വ്യക്തിപരമായ തീരുമാനമാണെന്നും പാര്‍ട്ടിക്ക് അതില്‍ പങ്കില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറിയും വിശദീകരിച്ചു.

ലോ അക്കാദമി സമരത്തില്‍ പ്രധാനിയായിരുന്നു വിവേക്.

Top