നന്ദകുമാറിനു പിന്നില്‍ ആര് ? ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി, വീണ്ടും ലാവലിനില്‍ . .

ന്യൂഡല്‍ഹി: നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ലാവലിൻ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്ത് വന്ന ക്രൈം നന്ദകുമാറിന്റെ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചൂടുള്ള ചര്‍ച്ചക്ക് വഴിമരുന്നിടുന്നു.

കഴിഞ്ഞ ദിവസം എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിച്ച സുപ്രീം കോടതിക്ക് മുന്‍പാകെ സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെ രംഗത്തിറക്കിയാണ് നന്ദകുമാര്‍ രണ്ടാം വരവ് നടത്തിയത്. സി.ബി.ഐക്ക് നല്‍കിയ നോട്ടീസിനു മറുപടി ലഭിച്ച ശേഷം നന്ദകുമാറിനെ കക്ഷിയാക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സി.ബി.ഐ അപ്പീലും കേസില്‍ വിചാരണ നേരിടുന്ന മുന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

പിണറായി വിജയനെതിരെ നിരവധി നിയമ പോരാട്ടം നടത്തിയ നന്ദകുമാര്‍ മുഖ്യമന്ത്രി പദത്തില്‍ പിണറായി എത്തിയതിന് ശേഷം പരസ്യമായി രംഗത്തില്ലായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കാനിരിക്കുന്ന ഘട്ടത്തില്‍ വീണ്ടും ശക്തമായ നിയമ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് അദ്ദേഹം.

ഇതാണ് സര്‍ക്കാരും ഗൗരവമായി കാണുന്നത്. നന്ദകുമാര്‍ സ്വന്തം നിലക്ക് തന്നെയാണോ അതോ മറ്റാരുടെയെങ്കിലും പ്രേരണയിലാണോ എന്നതിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയതായാണ് സൂചന.

കേസ് അടിയന്തരമായി പരിഗണിക്കേണ്ട എന്തു സാഹചര്യമാണ് ഉള്ളതെന്ന് ചോദിച്ച കോടതി വീണ്ടും മാറ്റി വയ്ക്കുകയായിരുന്നു. പുതിയ തിയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Top