കേരളത്തില്‍ അഞ്ച് വര്‍ഷത്തിനിടെ കാണാതായവരുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

കരിപ്പൂര്‍: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായവരുടെ കണക്കുകള്‍ ഞെട്ടിക്കും.

ഇതുമായി ബന്ധപ്പെട്ട് എന്‍ ഐ എ സമഗ്ര അന്വേഷണത്തിനൊരുങ്ങുകയാണ്.

വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതി പ്രകാരം കാണാതായവരുടെ ഔദ്യോഗിക കണക്ക് 650 ആണെങ്കിലും പരാതി നല്‍കാത്ത നിരവധി കേസുകള്‍ ഉള്ളതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഗള്‍ഫില്‍ കാണാതായവരുടെ ലിസ്റ്റ് എടുക്കാന്‍ എന്‍ ഐ എ കേരള ഇന്റലിജന്‍സിനോട് ആവശ്യപ്പെട്ടിരുന്നു.

2014-2016 കാലഘട്ടത്തില്‍ ഗള്‍ഫില്‍ കാണാതായവരുടെ എണ്ണം 338 ആണ്. ഇവരില്‍ പലരുടെയും ബന്ധുക്കള്‍ കാണാതായതിനെ കുറിച്ച് പരാതി ഒന്നും നല്‍കിയിട്ടില്ലെന്നതും അന്വേഷണ സംഘത്തിന് ബോധ്യമായി. കാണാതായതില്‍ 297 പേര് സ്ത്രീകളാണ്. ഇക്കൂട്ടത്തില്‍ സംസ്ഥാനം വിട്ടവരുടേയും മതം മാറിയവരുടേയും കണക്ക് പ്രത്യേകം ശേഖരിച്ചിരുന്നു.

കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്നു കാണാതായ മലയാളികള്‍ ഭീകര സംഘടനയില്‍ ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് കാണാതായ മറ്റുള്ളവരുടെയും വിവരങ്ങള്‍ എന്‍ ഐ എ ശേഖരിച്ചത്.

Top