Large asteroid to pass close to Earth today: NASA

വാഷിങ്ടണ്‍: 2000 അടി നീളമുള്ള ക്ഷുദ്രഗ്രഹം ഇന്ന് ഭൂമിക്ക് അരുകിലൂടെ കടന്നുപോകും.

2014ജെ.ഒ.25 എന്നു പേരുള്ള ക്ഷുദ്രഗ്രഹമാണ് ഭൂമിക്ക് 18 ലക്ഷം കിലോമീറ്റര്‍ അടുത്തുകൂടെ കടന്നുപോവുക. എങ്കിലും തമ്മില്‍ കൂട്ടി മുട്ടല്‍ സംഭവിക്കില്ലെന്നു യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു.

ഭൂമിക്കടുത്ത് കൂടി കടന്ന് പോയ ശേഷം ഇത് സൂര്യനെ വലയം ചെയ്യും.

ചെറിയ ക്ഷുദ്രഗ്രഹങ്ങള്‍ ആഴ്ചയില്‍ പലവട്ടം ഈ അകലത്തിലൂടെ കടന്നുപോകാറുണ്ട്. എന്നാല്‍, ഇത്രവലിയ ക്ഷുദ്രഗ്രഹം കടന്നുപോവുന്നത് അപൂര്‍വമാണെന്ന് നാസ പറഞ്ഞു.

400 വര്‍ഷം മുമ്പാണ് ഭൂമിയുടെ അയല്‍ക്കാരായി 2014ജെ.ഒ.25 ആദ്യം എത്തിയത്. ഇന്ന് കടന്ന് പോയാല്‍ പിന്നെ 2600 ല്‍ വീണ്ടും എത്തുമെന്നാണ് പറയുന്നത്. വിശിഷ്ടമായ ഒരു അവസരം എന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ ഇന്നത്തെ ദിവസത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

ലോകത്ത് പലയിടങ്ങളിലായി ദൂരദര്‍ശനികള്‍ വഴി ഇതിനെ കുറിച്ച് പഠിക്കുന്നതിന് ആസൂത്രണം ചെയ്തിട്ടുണ്ട്. സഞ്ചാരപഥത്തിലെ വലിപ്പം താരതമ്യം ചെയ്യുമ്പോഴും ചന്ദ്രനേക്കാള്‍ ഇരട്ടി തിളക്കം കാണുമ്പോഴും ഇതിനെ തിരിച്ചറിയാനാകുമെന്ന് നാസ പറഞ്ഞു.

ചെറിയ ഒപ്റ്റിക്കല്‍ ദൂരദര്‍ശനിയിലൂടെ ഒന്നോ രണ്ടോ രാത്രികളില്‍ ഇതിനെ കാണാന്‍ സാധിക്കുമെന്നും നാസ അറിയിച്ചു.

Top