ഭൂമി തര്‍ക്കം ; കര്‍ഷകര്‍ക്ക് എംഎല്‍എയുടെ ശകാരവര്‍ഷവും മര്‍ദ്ദനവും

ഔറംഗാബാദ്: മഹാരാഷ്ട്ര സില്ലോഡ് മണ്ഡലത്തില കോണ്‍ഗ്രസ് ജനപ്രതിനിധിയായ അബ്ദുള്‍ സത്താര്‍ നബിയാണ് ഭൂമി തര്‍ക്കത്തെതുടര്‍ന്ന് കര്‍ഷകരെ മര്‍ദ്ദിച്ചത്.

ജൂണ്‍ 12നായിരുന്നു സംഭവം.എംഎല്‍എ കര്‍ഷകരെ മര്‍ദ്ദിക്കുന്ന ദൃശ്യം ഒരു ദേശീയ മാധ്യമമാണ് പുറത്ത് വിട്ടത്.

ശൈഖ് ഖലീല്‍ ശൈഖ് ഇബ്രാഹിം, ശൈഖ് മുഖ്താര്‍ ശൈഖ് സത്താര്‍, ശൈഖ് റഹീം ശൈഖ് കരീം എന്നീ കര്‍ഷകര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

തങ്ങളുടെ ഫാമില്‍ കൃഷി നടത്തുന്നതിനിടെ എംഎല്‍എയും കൂട്ടരും ഇവിടെയെത്തി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് കര്‍ഷകരുടെ പരാതി.

അബ്ദുള്‍ സത്താറിനും മകന്‍ സമീറിനും മറ്റു രണ്ടു പേര്‍ക്കുമെതിരെ പരാതി എഴുതി നല്‍കിയിട്ടുണ്ടെങ്കിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ലെന്ന് കര്‍ഷകരില്‍ ഒരാള്‍ പറഞ്ഞു.

എന്നാല്‍ ഇത് ബിജെപിയുടെ ഗൂഢാലോചനയാണെന്നാണ് എംഎല്‍എയുടെ വാദം. കര്‍ഷകര്‍ ഈ ഭൂമി ഒരു ദളിതന് വിറ്റതാണ്. ഇയാള്‍ക്ക് ഭൂമി കൈമാറാന്‍ തയ്യാറാകുന്നില്ല. ഇതിന്റെ പേരില്‍ ഇവര്‍ ദളിതനെ മര്‍ദ്ദിച്ചപ്പോള്‍ ഞാന്‍ തടയുകയായിരുന്നുവെന്നും എംഎല്‍എ വ്യക്തമാക്കി.

അതേ സമയം കര്‍ഷകര്‍ക്ക് നേരെ ശകാരവര്‍ഷം നടത്തിയിട്ടുണ്ടെന്ന് എംഎല്‍എ സമ്മതിച്ചു.

Top