സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു

സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് കടക്കുന്നു. ആല്‍ഫ-വണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കള്‍ വിപണിയിലിറക്കുന്നത്.

പ്രീമിയം വിലയില്‍ തന്നെയാണ് ആല്‍ഫവണ്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിനെ ലംബോര്‍ഗിനി അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യാന്തര ഡെലിവറി സൗകര്യവും സ്മാര്‍ട്ട്‌ഫോണിനായി ലംബോര്‍ഗിനി ഒരുക്കിയിട്ടുണ്ട്. ഷിപ്പിംഗ് ചാര്‍ജ്ജ് സൗജന്യമാണെങ്കിലും കസ്റ്റം ഡ്യൂട്ടി യഥാക്രമം ഉപഭോക്താക്കള്‍ തന്നെ വഹിക്കണമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുമുണ്ട്.

1.5 ലക്ഷം രൂപ പ്രൈസ് ടാഗുമായി എത്തുന്ന ലംബോര്‍ഗിനി ആല്‍ഫവണിനെ, ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

5.5 ഇഞ്ച് WQHD ഡിസ്‌പ്ലേയാണ് ആല്‍വവണിലുള്ളത്. അഡ്രിനൊ 530 GPU വിന് ഒപ്പമുള്ള ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 820, 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ആല്‍ഫവണിന്റെ ഫീച്ചറുകള്‍.

മൈക്രോ എസ്ഡി കാര്‍ഡ് മുഖേന 128 ജിബി വരെയായി എക്‌സ്‌റ്റേണല്‍ മെമ്മറി വര്‍ധിപ്പിക്കാം. 20 മെഗാപിക്‌സല്‍ ക്യാമറ പ്രൈമറിയായും, 8 മെഗാപിക്‌സല്‍ ക്യാമറ സെക്കന്‍ഡറിയായും ആല്‍ഫവണില്‍ ഇടംപിടിക്കുന്നു.

പിന്‍ഭാഗത്ത് ഫിംഗര്‍പ്രിന്റ് സ്‌കാനറും സാന്നിധ്യമറിയിക്കുന്നുണ്ട്. ഡ്യൂവല്‍ സിം പിന്തുണയോടെയാണ് ആല്‍ഫവണിനെ ലംബോര്‍ഗിനി ലഭ്യമാക്കുന്നത്. ആന്‍ഡ്രോയ്ഡ് നൂഗയില്‍ ഒരുങ്ങുന്ന ആല്‍ഫവണിന് കരുത്തേകുന്നത് 3250 mAh ബാറ്ററിയാണ്.

സൂപ്പര്‍കാറുകളെ ഒരുക്കുന്ന ലിക്വിഡ് മെറ്റലില്‍ തന്നെയാണ് സ്മാര്‍ട്ട്‌ഫോണിനെയും ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ ഒരുക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയം.

ഇതാദ്യമായല്ല ലംബോര്‍ഗിനി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. ലംബോര്‍ഗിനി മുമ്പ് അവതരിപ്പിച്ച ടൊനിനോ ലംബോര്‍ഗിനി 88 ടൊറി സ്മാര്‍ട്ട്‌ഫോണും ഏറെ ശ്രദ്ധ നേടിയിരുന്നു. 4 ലക്ഷം രൂപ പ്രൈസ് ടാഗിലായിരുന്നു 88 ടൊറി സ്മാര്‍ട്ട്‌ഫോണിനെ ലംബോര്‍ഗിനി ലഭ്യമാക്കിയിരുന്നത്.

Top