ചൈനയുടെ ഉടക്ക് ; ദക്ഷിണേന്ത്യയിലെ ബുള്ളറ്റ് ട്രെയിൻ ത്രിശങ്കുവിൽ !

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ചൈനയുടെ നിസ്സഹകരണത്തെ തുടര്‍ന്ന് പ്രാവര്‍ത്തികമാകാന്‍ വൈകുന്നതായി റിപ്പോര്‍ട്ട്.

ദോക് ലാം സംഘര്‍ഷത്തെ തുടര്‍ന്നാണ് പദ്ധതി ചൈനയുടെ നിസ്സഹകരണമെന്നാണ് സംശയം.

ചൈനീസ് റെയില്‍വേയുമായി ചേര്‍ന്നാണ് ചെന്നൈ- ബെംഗളൂരു- മൈസൂരു അതിവേഗ പാത നിര്‍മ്മിക്കാന്‍ തത്വത്തില്‍ തീരുമാനമായിരുന്നത്. 492 കിലോമീറ്റര്‍ ദൂരം വരുന്ന അതിവേഗ പാതപദ്ധതിയുടെ സാധ്യതാ പഠനം ചൈനീസ് കമ്പനിയായ സി.ആര്‍.ഇ.ഇ.സി (ചൈനാ റെയില്‍വേ എര്‍യുവാന്‍ എന്‍ജിനീയറിങ് ഗ്രൂപ്പ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) പൂര്‍ത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നു. 2016 നവംബറിലായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഇതിന് ശേഷം റെയില്‍വേ ബോര്‍ഡ് സി.ആര്‍.ഇ.ഇ.സി യുമായി തുടര്‍ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ സമയമോ തീയതിയോ മുന്‍കൂട്ടി നിശ്ചയിക്കാതെയാണ് ചൈനീസ് അധികൃതര്‍ മടങ്ങിയത്. തുടര്‍ന്ന് ചര്‍ച്ചകള്‍ക്കായി സി.ആര്‍.ഇ.ഇ.സി യുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണങ്ങള്‍ ഉണ്ടായില്ല.

കഴിഞ്ഞ ആറുമാസമായി ഇക്കാര്യത്തില്‍ ചൈനയുടെ ഭാഗത്തുനിന്ന് അനക്കമൊന്നുമുണ്ടായിട്ടില്ലെന്നാണ് റെയില്‍വേ അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം ദോക് ലാം സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് പദ്ധതി താമസിപ്പിക്കുന്നതെന്നാണ് സംശയിക്കുന്നത്. 73 ദിവസമാണ് ദോക് ലാമില്‍ ചൈനയുടെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലെയും സൈനികര്‍ അതിര്‍ത്തിയില്‍ യുദ്ധസജ്ജരായി ‘മുഖാമുഖം’ നിലകൊണ്ടത്.

Top