കുവൈറ്റില്‍ ശമ്പളവര്‍ധന ആവശ്യപ്പെട്ട് ഇന്ത്യന്‍ തൊഴിലാളികള്‍ സമരത്തില്‍

കുവൈറ്റ്: ശമ്പള വര്‍ധന ആവശ്യപ്പെട്ട് മംഗഫിലുള്ള പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ സേവനം ചെയ്യുന്ന പ്രമുഖ കോണ്‍ട്രാക്റ്റിങ്ങ് കമ്പനിയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ പ്രതിഷേധത്തില്‍. ഒരേ ജോലിക്ക് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വ്യത്യസ്ത ശമ്പളം നല്‍കുന്നു എന്നാരോപിച്ചാണ് ഇന്ത്യന്‍ ജീവനക്കാര്‍ പ്രതിഷേധിക്കുന്നത്.

ഇന്ത്യന്‍ പ്രവാസി തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. കുവൈറ്റിലുള്ള യു.എസ് ആര്‍മി ക്യാമ്പില്‍ സേവനം ചെയ്യുന്നതിന് നിയോഗിക്കപ്പെട്ടിരിക്കുന്ന മംഗഫിലുള്ള കമ്പനിയിലെ ജീവനക്കാരാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. പലര്‍ക്കും ഒരേ ജോലിക്ക് ആയിരം ദിനാര്‍ വരെ ശമ്പളം കിട്ടുമ്പോള്‍ ഇന്ത്യക്കാരുടെ ശമ്പളം നൂറു ദിനാറിനും താഴെയാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

പ്രതിഷേധത്തെ തുടര്‍ന്ന് യു.എസ് മിലിട്ടറിയുടെയും കമ്പനിയുടെയും പ്രതിനിധികള്‍ സ്ഥലത്തെത്തി ജീവനക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷേധം അവസാനിച്ചിട്ടില്ല. ഒന്നുകില്‍ ശമ്പള വര്‍ധന നടപ്പിലാക്കുക, അല്ലെങ്കില്‍ തങ്ങളെ നാട്ടിലേക്ക് തിരികെ വിടുക എന്നതാണ് ജീവനക്കാര്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍.ഇത് അംഗീകരിക്കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.

Top