കുവൈറ്റില്‍ കുറ്റകൃത്യങ്ങളുടെ തോത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

കുവൈറ്റ്: കുവൈറ്റില്‍ കുറ്റകൃത്യങ്ങളുടെ തോത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2018 ലെ ആദ്യ നാലുമാസത്തിനുള്ളില്‍ നടന്നത് 92 കൊലപാതകശ്രമങ്ങളാണ്. പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തു ഒരാഴ്ച ശരാശരി ആറ് കൊലപാതക ശ്രമങ്ങള്‍ ഉണ്ടാകുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തു വിട്ടിരിക്കുന്നത്

ഈ വര്‍ഷം ആദ്യ നാലുമാസത്തിനുള്ളില്‍ 1273 കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയത് . മാസത്തില്‍ ശരാശരി 318 കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. സ്വദേശികളും വിദേശികളും ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ കണക്കാക്കാണിത്. പ്രതിദിനം ശരാശരി 10 കവര്‍ച്ചകേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാര്‍ മോഷണം, വീട് കുത്തിത്തുറന്നുള്ള കവര്‍ച്ച എന്നിവയാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന കേസുകളാണ് പിന്നീടുള്ളത്. മോഷ്ടിക്കുന്ന കാറുകള്‍ രാജ്യത്തിന് പുറത്തേക്ക് കടത്തുന്ന മാഫിയകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സുരക്ഷാ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. കാറുകള്‍ മോഷ്ടിച്ച് പൊളിച്ച് സ്‌പെയര്‍ പാര്‍ട്‌സുകളായി വില്‍ക്കുന്ന സംഘങ്ങളുമുണ്ട്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ബിദൂനികളാണ് മുന്‍പന്തിയിലുള്ളത്.

തൊട്ടുപിന്നാലെ ഇറാഖികളും സ്വദേശികളും സിറിയക്കാരുമാണ്. രാജ്യനിവാസികളായ വിദേശികളില്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഏറ്റവും പിറകിലുള്ളത് ഇന്ത്യക്കാരാണെന്നാണ് വിലയിരുത്തുന്നത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നും ആളുകളില്‍ അക്രമ വാസന വര്‍ധിക്കാനുള്ള സാഹചര്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പഠന വിധേയമാക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസ് ശിപാര്‍ശ ചെയ്തിരുന്നു.

Top