അവധി നല്‍കുന്നത് സാധാരണം ; ടിപി കേസ് പ്രതി കുഞ്ഞനന്തന്റെ മോചനസാധ്യത തള്ളാതെ മുഖ്യമന്ത്രി

Pinaray vijayan

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ.കുഞ്ഞനന്തന് പരോള്‍ അനുവദിച്ചതില്‍ രാഷ്ട്രീയ വിവേചനമോ സര്‍ക്കാര്‍ ഇടപെടലോ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമപ്രകാരമുള്ള പരിശോധന പൂര്‍ത്തിയാക്കിയേ ആരെയും വിട്ടയയ്ക്കൂവെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കുഞ്ഞനന്തന്‍ മിക്കവാറും പുറത്തു തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. പരോള്‍ പ്രതി പാര്‍ട്ടി ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യാറുണ്ടോയെന്നും ചെന്നിത്തല പരിഹസിച്ചു. നോട്ടീസ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

കുഞ്ഞനന്തനും കൊടി സുനിയും ഉള്‍പ്പെടെ ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട പലരും എല്‍ഡിഎഫ് ഭരണത്തില്‍ പരോളില്‍ ഇഷ്ടം പോലെ ജയിലിനു പുറത്തിറങ്ങുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നതിനിടയിലാണു ശിക്ഷ റദ്ദാക്കി കുഞ്ഞനന്തനെ പുറത്തു വിടാനുള്ള നീക്കം.

പാനൂരിനു സമീപം പാറാട് സ്വദേശിയായ കുഞ്ഞനന്തന്‍ ടിപി കേസിലെ പതിമൂന്നാം പ്രതിയാണ്. പ്രതിയാവുമ്പോള്‍ സിപിഐഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. 2014 ജനുവരിയിലാണു കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

Top