വേങ്ങര ഉപതിരഞ്ഞെടുപ്പ് ; ലീഗ് സ്ഥാനാര്‍ഥിയെ ബുധനാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

kunjalikutty

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയെ ബുധനാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.

മണിക്കൂറുകള്‍ നീളുന്ന ചര്‍ച്ചകള്‍ ഇല്ലാതെ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാകും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അസൗകര്യം കൊണ്ടാണ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നീണ്ടു പോയതെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

വേങ്ങര യുഡിഎഫിന്റെ ശക്തി കേന്ദ്രമാണന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനറിയാം. അതു കൊണ്ടാണ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവും ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് പറയാന്‍ അദ്ദേഹം ധൈര്യം കാണിക്കാത്തതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

സ്ഥാനാര്‍ഥി സംബന്ധിച്ച് മുതിര്‍ന്ന ലീഗ് നേതാക്കള്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ച എം.എസ്.എഫ് ദേശീയ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തത് വിവാദമാക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Top