kummanam Rajasekharan’s Vimochanayathra

തിരുവനന്തപുരം : ഐക്യകേരളത്തിന് 60 വയസ്സായിട്ടും കേരളത്തിന് പുരോഗതി നേടാനായില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വ്യാപകമായി വന്‍ പ്രചാരണം അഴിച്ചു വിടാന്‍ സംഘ്പരിവാര്‍. ഇടതു-വലതു മുന്നണികള്‍ അഞ്ചുകൊല്ലം വീതം പങ്കിട്ടെടുത്ത് ഭരിച്ചിട്ടും കേരളത്തിന് ഒരിഞ്ച് മുന്നോട്ടുപോകാനായില്ലെന്ന് കുമ്മനം രാജശേഖരന്റെ വിമോചന യാത്രയിലൂടെ ഉന്നയിക്കാനാണ് ബിജെപി തീരുമാനം.

ബിജെപി യാത്ര വിജയിപ്പിക്കാന്‍ സംഘ്പരിവാറിലെ എല്ലാ സംഘടനകളോടും പരമാവധി പ്രവര്‍ത്തകരെ സ്വീകരണ കേന്ദ്രങ്ങളിലെത്തിക്കാനാണ് ആര്‍എസ്എസ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

മുന്നണി രാഷ്ട്രീയത്തില്‍ കേരളം മുരടിച്ചു എന്ന് മാത്രമല്ല ഭരണ-പ്രതിപക്ഷ രാഷ്ട്രീയവും മലീമസമായിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഷഷ്ഠ്യബ്ദപൂര്‍ത്തിവര്‍ഷത്തില്‍ ഒരു ശുദ്ധികലശം അനിവാര്യമാണെന്ന് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

ജനുവരി 20 ന് മഞ്ചേശ്വരത്തു നിന്നാരംഭിക്കുന്ന വിമോചനയാത്ര ആ ശുദ്ധികലശത്തിന്റെ ഉദ്ഘാടനമാണെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം.

പുതിയ കേരളം, സംശുദ്ധ രാഷ്ട്രീയം എന്നിവ മുഖ്യ സന്ദേശമാക്കിക്കൊണ്ടുള്ള വിമോചനയാത്രയിലൂടെ എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്നീ മുഖ്യമുദ്രാവാക്യങ്ങളും ആരോടുമില്ല. പ്രീണനം എല്ലാവര്‍ക്കും തുല്യനീതി എന്ന ബി.ജെ.പി യുടെ അടിസ്ഥാനതത്വവും പ്രതിഫലിപ്പിക്കും. ഇത് പ്രകടമാക്കുന്നതാണ് യാത്രയ്ക്കുള്ള എംബ്ലം.

വൃത്താകൃതിയില്‍ ബി.ജെ.പിയുടെ കൊടിനിറം പ്രതിഫലിക്കുന്ന വരകളും ജനങ്ങളുടെ നിരകളും താമര ചിഹ്നങ്ങളും ആലേഖനം ചെയ്തിരിക്കുന്നു. നടുവില്‍ കേരളത്തിന്റെ മാപ്പും ചേര്‍ത്തിട്ടുണ്ട്.

വികസിത കേരളത്തെക്കുറിച്ച് ബദല്‍ വീക്ഷണം ബി.ജെ.പി അവതരിപ്പിക്കും. കേരളത്തിലെ ജീവല്‍ പ്രശ്‌നങ്ങള്‍ എന്ന നിലയിലാണ് അന്നം, വെള്ളം, മണ്ണ്, തൊഴില്‍ എന്നിവ വിഷയമാക്കിയിരിക്കുന്നത്. കേരളത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് തുല്യനീതി.

Top