ചെങ്ങന്നൂരില്‍ ആരോടും അയിത്തമില്ല : കുമ്മനം രാജശേഖരന്‍

kummanam rajasekharan

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ആരോടും അയിത്തമില്ലെന്നും എല്ലാവരോടും സഹകരിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തിരഞ്ഞെടുപ്പില്‍ വോട്ടാണ് പ്രധാന കാര്യം എന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നിഷ്പക്ഷ രാഷ്ട്രീയം വിധി നിര്‍ണ്ണയിക്കുമെന്നും നിഷ്പക്ഷ രാഷ്ട്രീയം എന്നത് ഭരണത്തിന്റെ ശരിയായ വിലയിരുത്തലാവുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അഴിമതിയിലും ജനദ്രോഹ നടപടികളിലും മുങ്ങിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കിയത് ജനങ്ങളുടെ നിഷ്പക്ഷ നിരീക്ഷണമാണ്. ഈ സാധ്യത തിരിച്ചറിഞ്ഞ സിപിഎം എല്ലാം ശരിയാക്കാമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയാണ് അധികാരത്തിലെത്തിയത്. എന്നാല്‍ അധികാരത്തിലേറിയ പിണറായി ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും വിസ്മരിച്ചുവെന്നും കുമ്മനം ആരോപിച്ചു.

എല്‍.ഡി.എഫ് അധികാരത്തിലെത്തിയ ശേഷം പ്രതിസന്ധി വര്‍ധിക്കുകയല്ലാതെ ഒന്നിനും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇടത് ഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. സംസ്ഥാനം കടക്കെണിയില്‍ നിന്നും കടക്കെണിയിലേക്ക് കൂപ്പുകുത്തുന്നു. എല്ലാ പദ്ധതികളും വികസനപ്രവര്‍ത്തനങ്ങളും പാതിവഴിയില്‍ ഉപേക്ഷിക്കുകയോ നിര്‍ത്തി വയ്ക്കുകയോ ചെയ്യേണ്ടി വരുന്നു. നിത്യ ചെലവുകള്‍ക്ക് പോലും വായ്പയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കാര്‍ഷിക – വ്യാവസായിക മേഖലയില്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചു. തൊഴില്‍ രാഹിത്യത്തിന്റെ സൂചിക ഉയരത്തിലേക്ക് കുതിക്കുകയാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

ഇടതുപക്ഷ ഗവണ്‍മെന്റിനെ നയിക്കുന്ന സിപിഎം ഇല്ലാതാക്കുന്നത് രാഷ്ട്രീയ പ്രതിയോഗികളെയാണ്, ദാരിദ്രത്തെയോ, തൊഴിലില്ലായ്മയെയോ അല്ല. കൊലപാതകങ്ങളുടേയും സ്ത്രീപീഡനങ്ങളുടേയും നിരക്കില്‍ മാത്രമേ പുരോഗതിയുള്ളു. തൊഴില്‍ രാഹിത്യവും പ്രതിശീര്‍ഷ വരുമാനത്തില്‍ സംഭവിച്ച ശോഷണവും, നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനയും കാര്‍ഷികമേഖലയിലെ വിലത്തകര്‍ച്ചയും ജനങ്ങളുടെ കുടുംബ ബജറ്റിനെ താറുമാറാക്കിയിരിക്കുന്നു. കേരളത്തിന്റെ ഈ വര്‍ത്തമാനകാല സാഹചര്യം തിരിച്ചറിയുന്നവരാണ് നിഷ്പക്ഷ രാഷ്ട്രീയം പുലര്‍ത്തുന്നവര്‍. അവരായിരിക്കും ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണ്ണയിക്കുകയെന്നും കുമ്മനം വ്യക്തമാക്കി.

Top