Kummanam Rajasekharan support bjp leaders-note ban issue

kummanam rajashekaran

തിരുവനന്തപുരം: നോട്ട് നിരോധന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതിന്റെ പേരില്‍ എംടി വാസുദേവന്‍ നായരെ വിമര്‍ശിക്കുന്ന ബിജെപി നേതാക്കളെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എംടിയെ ബിജെപി അധിക്ഷേപിച്ചിട്ടില്ലെന്ന് കുമ്മനം അഭിപ്രായപ്പെട്ടു.

നോട്ട് നിരോധന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി അഭിപ്രായം പറഞ്ഞ മോഹന്‍ലാലിനെ വിമര്‍ശിച്ചവരാണ് ഇപ്പോള്‍ എംടിക്ക് വേണ്ടി രംഗത്ത് വരുന്നതെന്ന് കുമ്മനം പറഞ്ഞു.

സിപിഐഎം വിമര്‍ശിച്ചാല്‍ കുഴപ്പമില്ല, ബിജെപി വിമര്‍ശിച്ചാല്‍ പ്രശ്‌നമുണ്ടാക്കുക എന്ന നിലപാട് ശരിയല്ലന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എംടിയെ ബിജെപി അധിക്ഷേപിച്ചിട്ടില്ല. എംടിയും ബിജെപിയും അവരവരുടെ അഭിപ്രായം മാത്രമാണ് പറഞ്ഞത്.

നോട്ട് അസാധുവാക്കലിനെ അനുകൂലിച്ച മോഹന്‍ലാലിനെ തോമസ് ഐസക് വിമര്‍ശിച്ചത് ആരും മറക്കേണ്ടന്നും കുമ്മനം ചൂണ്ടിക്കാട്ടി.

നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രസര്‍ക്കാരിനേയും വിമര്‍ശിച്ചതിന്റെ പേരിലാണ് എംടിക്കെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

മോദിക്കെതിരെ പറയാന്‍ എംടിക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു.

രാജ്യം മാറിയതൊന്നും എം.ടി അറിഞ്ഞില്ലേയെന്നും, നോട്ട് നിരോധന വിഷയത്തില്‍ കാര്യങ്ങള്‍ അറിയാതെയാണ് എം.ടി പ്രതികരിച്ചതെന്നും അത് ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ടിപി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍ തൂലിക ചലിപ്പിക്കാതിരുന്ന എംടി ഇപ്പോള്‍ പ്രതികരിക്കുന്നത് ആര്‍ക്കോ വേണ്ടിയാണെന്നും രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

Top