മധു കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നപടി സ്വീകരിക്കണമെന്ന് കുമ്മനം രാജശേഖരന്‍

kummanam rajasekharan

തിരുവനന്തപുരം : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് ക്രൂരമായ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.

ആദിവാസി സമൂഹം അനുഭവിക്കുന്ന ദുരിതത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ഭക്ഷണവും താമസവും പോലുമില്ലാതെ വലയുന്ന ഈ സഹോദരങ്ങളോടുള്ള ക്രൂരതയ്ക്ക് മുന്നില്‍ കേരള സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

അട്ടപ്പാടിയിലെ ആദിവാസി സമൂഹം പട്ടിണി മൂലം കഷ്ടപെടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് രോഷം പ്രകടിപ്പിക്കുകയുണ്ടായി. അതിന്റെ പേരില്‍ അദ്ദേത്തെ കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു. അന്ന് പ്രധാനമന്ത്രി പറഞ്ഞതെല്ലാം ശരിയാണെന്ന് ഇപ്പോള്‍ വ്യക്തമായെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് ക്രൂരമായ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നപടി വേണം.
പട്ടിണിമൂലം പൊറുതിമുട്ടുന്ന ആദിവാസി യുവാവ് മര്‍ദനവും പീഡനവും മൂലം കൊല്ലപ്പെടുന്നത് സംസ്‌ക്കാര കേരളത്തിന് അപമാനമാണ്. കേരളത്തില്‍ ആദിവാസി സമൂഹം അനുഭവിക്കുന്ന ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. വീടും ഭൂമിയും ഭക്ഷണവും വെള്ളവും കിട്ടാതെ വലയുന്ന ഈ സഹോദരങ്ങളെ കൊന്നൊടുക്കുന്ന ക്രൂരതയ്ക്ക് മുന്നില്‍ കേരള സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് ഖേദകരമാണ്.
അട്ടപ്പാടിയിലെ ആദിവാസി സഹോദരങ്ങള്‍ പട്ടിണിയും പരിവട്ടവും മൂലം കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്ത് വച്ച് രോഷംപ്രകടിപ്പിക്കുകയുണ്ടായി.
പ്രധാനമന്ത്രിയെ കോണ്‍ഗ്രസ്- സിപിഎം നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു.
അന്ന് പ്രധാനമന്ത്രി പറഞ്ഞതെല്ലാം ശരിയാണെന്ന് ഇപ്പോള്‍ വ്യക്തമായി. രൂക്ഷമായ പട്ടിണിയും തൊഴിലില്ലായ്മയും അട്ടപ്പാടിയിലുണ്ടെന്നും അവരോട് ക്രൂരമായിട്ടാണ് പെരുമാറുന്നതെന്നുമുള്ള പച്ചയായ യാഥാര്‍ത്ഥ്യമാണ് ഇതോടെ പുറത്തുവന്നിട്ടുള്ളത്.
ഇത്രയും ഞെട്ടിപ്പിക്കുന്ന ആദിവാസിഹത്യയുണ്ടായിട്ടും അവിടെയെത്തി കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ അശ്വസിപ്പിക്കാനോ അടിയന്തരസഹായം പ്രഖ്യാപിക്കാനോ മുഖ്യമന്ത്രി പിണറായി വിജയനോ പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലനോ ഇനിയും തയ്യാറായില്ലെന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.

Top