കുല്‍ദീപിന് ഹാട്രിക്ക് ; ഓസീസിനെ തളച്ച് ഇന്ത്യന്‍ മുന്നേറ്റം

മുംബൈ:  ഇന്ത്യന്‍ ബൗളര്‍മാരുടെ മികവിനു മുന്നില്‍ ഓസീസിന്റെ നിലതെറ്റിയപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 50 റണ്‍സ് ജയം.

ഇന്ത്യ ഉയര്‍ത്തിയ 253 റണ്ണിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 43.1 ഓവറില്‍ 202 റണ്ണില്‍ അവസാനിച്ചു.

കുല്‍ദീപ് യാദവ് ഹാട്രിക് നേടി, ഭുവനേശ്വര്‍ കുമാര്‍ മൂന്നും ചഹാലും പാണ്ഡ്യയും രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് ആറ് ഓവറില്‍ ഒമ്പത് റണ്‍ മാത്രം വിട്ടുകൊടുത്ത് ഓപണര്‍മാരുടെ വിക്കറ്റുകള്‍ നേടിയ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനമാണ് തലവേദനയായത്.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ 74 റണ്‍ കൂട്ടിച്ചേര്‍ത്ത് ഹെഡും (39) സ്മിത്തും ഓസീസ് ഇന്നിംങ്‌സിന് സ്ഥിരത സമ്മാനിച്ചു. ഹെഡിനേയും അപകടകാരിയായ മാക്‌സ്‌വെലിനേയും(14) ചഹാല്‍ മടക്കി.

ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (59) കൂടി പുറത്തായതോടെയാണ് ഓസീസ് ഇന്നിംങ്‌സിന്റെ താളം തെറ്റിയത്. പാണ്ഡ്യയുടെ പന്തില്‍ പകരക്കാരനായി ഫീല്‍ഡിംങിനിറങ്ങിയ ജഡേജ ക്യാച്ചിലൂടെയാണ് സ്മിത്തിനെ മടക്കിയത്. 76 പന്തില്‍ എട്ട് ഫോറുകളുടെ ബലത്തില്‍ 59 റണ്‍ കുറിച്ച ശേഷമാണ് സ്മിത്ത് മടങ്ങിയത്.

മുപ്പത്തിമൂന്നാം ഓവറിലായിരുന്നു കുല്‍ദീപ് യാദവിന്റെ ഹാട്രിക്ക്. 5-ന് 148 എന്ന നിലയില്‍ നിന്നും 8-ന് 148 എന്ന നിലയിലേക്ക് കുല്‍ദീപ് ഓസീസ് ഇന്നിംങ്‌സിനെ കൂപ്പുകുത്തിച്ചു.

വേഡിന്റെ (2) കുറ്റി തെറിപ്പിച്ച് ആരംഭിച്ച കുല്‍ദീപ് അഗാറിനെയും കുമ്മിന്‍സിനെയും പിന്നാലെ പറഞ്ഞയച്ച് ഹാട്രിക് പൂര്‍ത്തിയാക്കി. ഏകദിനത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കുല്‍ദീപ് യാദവ്.

ഒരറ്റത്ത് അര്‍ധസെഞ്ചുറിയുമായി മധ്യനിരക്കാരന്‍ സ്റ്റോയിണിസ്(62) പിടികൊടുക്കാതെ നിന്നെങ്കിലും സഹതാരങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചില്ല. 20 റണ്ണിന്റെ അവസാന വിക്കറ്റ് കൂട്ടുകെട്ട് രണ്ടാം സ്‌പെല്ലിലെ ആദ്യ പന്തില്‍ തകര്‍ത്ത് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഇന്ത്യ 252 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും(92) ഓപണര്‍ രഹാനെയു(55)മാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

 

Top