കുല്‍ഭൂഷണ്‍ ജാദവ് കേസ് വീണ്ടും പരിഗണിക്കണം, ഹര്‍ജിയുമായി പാക്കിസ്ഥാന്‍

pakisthan flag

ഇസ്‌ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട്‌ ഹര്‍ജിയുമായി പാക്കിസ്ഥാന്‍ രംഗത്ത്. അന്താരാഷ്ട്രാ നീതിന്യായ കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി കിട്ടിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ പുതിയ നീക്കം. ആറാഴ്ചയ്ക്കകം ഹര്‍ജി പരിഗണിക്കണമെന്നു പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

അന്താരാഷ്ട്രാ നീതിന്യായ കോടതിയില്‍ പാക്കിസ്ഥാനുവേണ്ടി ഖവാര്‍ ഖുറേഷിയുടെ നേതൃത്വത്തിലുള്ള സംഘംതന്നെ ഹാജരാകുമെന്നാണ് സൂചന.

നേരത്തെ, അഭിഭാഷക സംഘത്തെ മാറ്റുമെന്നു വാര്‍ത്ത വന്നിരുന്നു. ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനു പാക്ക് കോടതി വിധിച്ച വധശിക്ഷ രാജ്യാന്തര കോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തിരുന്നു. കേസില്‍ അന്തിമ തീരുമാനം വരുംവരെ ജാദവിന്റെ വധശിക്ഷ നടപ്പാക്കില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ടതെല്ലാം ചെയ്യാന്‍ രാജ്യാന്തര കോടതി പ്രസിഡന്റ് റോണി ഏബ്രഹാം പാക്കിസ്ഥനോടു നിര്‍ദേശിച്ചു.

ജാദവുമായി ബന്ധപ്പെടാന്‍ ഇന്ത്യന്‍ അധികൃതര്‍ക്കു പാക്കിസ്ഥാന്‍ അനുമതി നിഷേധിച്ചതു വിയന്ന ധാരണകളുടെ ലംഘനമാണെന്ന ഇന്ത്യന്‍ വാദം കോടതി അംഗീകരിച്ചു.

പാക്കിസ്ഥാനു വന്‍ തിരിച്ചടിയായ വിധി, കുല്‍ഭൂഷണ്‍ ജാദവിന്റെ ജീവന്‍ രക്ഷിക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു വലിയ ഊര്‍ജം നല്‍കുന്നതാണ്. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ നേതൃത്വത്തിലുള്ള സംഘമാണു ഇന്ത്യയ്ക്കുവേണ്ടി വാദിച്ചത്.

അതേസമയം, രാജ്യാന്തര കോടതി വിധി അംഗീകരിക്കില്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്നു പാക്ക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ പറഞ്ഞു. കോടതിയില്‍ നടന്ന വാദത്തിലും പാക്കിസ്ഥാന്‍ ഇക്കാര്യം ഉന്നയിച്ചു.

2003 വരെ ഇന്ത്യന്‍ നാവികസേനാ ഓഫിസറായിരുന്ന കുല്‍ഭൂഷണിനെ കഴിഞ്ഞ മാര്‍ച്ചില്‍ ഇറാന്‍ അതിര്‍ത്തിയില്‍ വ്യാപാര ആവശ്യത്തിന് എത്തിയപ്പോഴാണ് പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോയി അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ചാരനെന്നു മുദ്രകുത്തി പട്ടാളക്കോടതിയില്‍ വിചാരണ ചെയ്തു വധശിക്ഷ വിധിച്ചു. ഇതിനെതിരെ ഈ മാസം എട്ടിനാണ് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചതും അനുകൂലവിധി സമ്പാദിച്ചതും.Related posts

Back to top