പുതിയ ‘ജീവൻ’ തേടി കെ.എസ്.യു . . ‘പേടി’ എസ്.എഫ്.ഐയേക്കാൾ എ.ബി.വി.പിയെ . .

ലാലയ രാഷ്ട്രീയത്തിനെതിരെ നിലപാടെടുത്തതാണ് കോണ്‍ഗ്രസ്സിന്റെ അടിവേര് തകര്‍ത്തതെന്ന തിരിച്ചറിവില്‍ കെ.എസ്.യുവിന് പുതിയ ഊര്‍ജ്ജം നല്‍കാന്‍ കോണ്‍ഗ്രസ്സ് നേതൃത്ത്വം നടപടി തുടങ്ങി.

കലാലയങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് പ്രാദേശിക തലത്തിലെ പാര്‍ട്ടി കമ്മിറ്റികള്‍ കെ.എസ്.യു പ്രവര്‍ത്തകരെ സഹായിക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം.

സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നതോടൊപ്പം കലാലയങ്ങളിലെ പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന് പഴയ പ്രതാപകാലത്തേക്ക് തിരിച്ചു പോകണമെന്നതാണ് കെ. എസ്. യു നേതൃത്ത്വത്തിന്റെയും ആഗ്രഹം.

എല്ലാ ജില്ലകളിലും പുതിയ ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്ത്വത്തില്‍ ഊര്‍ജ്ജസ്വലമായ കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞതായാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്.

പുതുതലമുറ പാര്‍ട്ടിയിലേക്ക് കടന്നു വരുന്നതിന് കാണിക്കുന്ന വിമുഖത അപകട സിഗ്‌നലായിട്ടാണ് കോണ്‍ഗ്രസ്സ് നേതൃത്ത്വവും കാണുന്നത്.

എസ് എഫ് ഐ യുടെ മൃഗീയ മേധാവിത്ത്വമാണ് സംസ്ഥാനത്തെ ഭൂരിപക്ഷ കലാലയങ്ങളിലുമെന്നതിനേക്കള്‍ സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയിലേക്ക കോണ്‍ഗ്രസ്സ് അനുകൂലികളുടെ വീടുകളില്‍ നിന്നുവരെ വിദ്യാര്‍ത്ഥികള്‍ കടന്ന് ചെല്ലുന്നുണ്ട് എന്ന തിരിച്ചറിവാണ് കോണ്‍ഗ്രസ്സ് നേതൃത്ത്വത്തിന്റെ ഉറക്കം കെടുത്തുന്നത്.

എസ്എഫ്‌ഐ യോട് എതിര്‍ത്ത് നില്‍ക്കാനുള്ള കരുത്ത് തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തുന്ന ഇടപെടലുകളില്‍ ചിലര്‍ വീണു പോവുക സ്വാഭാവികമാണെന്നും എന്നാല്‍ അവരെയെല്ലാം തിരിച്ച് പിടിക്കുമെന്നുമാണ് കോണ്‍ഗ്രസ്സിന്റെ അവകാശവാദം.

രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം എന്‍.എസ്.യു കേന്ദ്ര നേതൃത്ത്വം സജീവമായി തന്നെ കേരളത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതാക്കളുടെ താല്‍പര്യപ്രകാരം പ്രവര്‍ത്തനം നടത്തുന്ന ഏര്‍പ്പാട് അവസാനിപ്പിച്ച് വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സജീവമാകാനാണ് നിര്‍ദ്ദേശം.

സ്വാശ്രയ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്താനും എന്‍.എസ്.യു നേതൃത്ത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ മുന്‍പ് എതിര്‍ത്തതിന് പശ്ചാത്താപവുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്റ്റ് വര്‍ക്കിംങ്ങ് കമ്മിറ്റി അംഗവുമായ എ.കെ ആന്റണി രംഗത്ത് വന്നിട്ടുണ്ട്.

കലാലയ രാഷ്ട്രീയ നിരോധനം കേരളം സമൂഹത്തോട് ചെയ്ത ഏറ്റവും വലിയ തെറ്റാണെന്നാണ് അദ്ദേഹം കെ.എസ്.യുവിന്റെ അറുപതാം ജന്മവാര്‍ഷിക ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിച്ചത്.

പുതിയ ആശയങ്ങള്‍ വരേണ്ടത് കലാലയങ്ങളില്‍ നിന്നാണെന്നും സ്ഥാപിത താല്‍പര്യങ്ങളെ ചോദ്യം ചെയ്യേണ്ടത് വിദ്യാര്‍ത്ഥികളാണെന്നും ആന്റണി പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ വായ മൂടിക്കെട്ടിയതുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് ചോദിച്ച ആന്റണി ദേശീയ നിലവാരമുള്ള ഒരു കോളേജെങ്കിലും കേരളത്തിലുണ്ടോ എന്നും ചോദിച്ചു.

സ്വാശ്രയമായാലും എയ്ഡഡ് ആയാലും വിദ്യാഭ്യാസ മേഖലയില്‍ ആരോടും ഉത്തരം പറയേണ്ടാത്ത സ്ഥിതിയിലാണ് കാര്യങ്ങള്‍. മാനേജുമെന്റുകള്‍ക്ക് ഇഷ്ടം പോലെ ഫീസ് പിരിക്കാനും വിദ്യാര്‍ത്ഥികളെ ഭീഷിണിപ്പെടുത്താനുമാണ് അവസരം നല്‍കിയത് ഇത് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാശ്രയ കോളേജ് മാനേജ്‌മെന്റിന്റെ പീഡനം മൂലം ജിഷ്ണു പ്രണോയ് മരണപ്പെട്ട സാഹചര്യത്തിലായിരുന്നു ഈ അഭിപ്രായപ്രകടനം.

മുഖം നോക്കാതെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിച്ചാല്‍ കെ.എസ്.യുവിന് സുവര്‍ണ്ണകാലം വരുമെന്നും ആന്റണി ചൂണ്ടിക്കാട്ടി.

Top