കെ.എസ്.യു എവിടെ എന്ന് ചോദിക്കുന്നവര്‍ മക്കള്‍ ഏത് പ്രസ്ഥാനത്തിലെന്ന് പറയണം

തിരുവനന്തപുരം: എസ്എഫ്‌ഐ അടക്കമുള്ള എതിരാളി വിദ്യാര്‍ത്ഥി സംഘടനകളില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ മക്കള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ ആഞ്ഞടിച്ച് കെ എസ് യു.

കെ എസ് യു വേദികളില്‍ വന്ന് കെ എസ് യു എവിടെ എന്ന് ചോദിക്കുന്ന നേതാക്കള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ സ്വന്തം മക്കള്‍ ഏത് കൊടിയാണ് പിടിക്കുന്നതെന്ന് അന്വേഷിക്കണമെന്ന് സംസ്ഥാന ക്യാംപില്‍ അവതരിപ്പിച്ച സംഘടനാ പ്രമേയത്തില്‍ തുറന്നടിച്ചു.

സംഘടനാ തിരഞ്ഞെടുപ്പില്‍ മുപ്പത് ശതമാനം പ്രാതിനിധ്യം വേണമെന്നും ബൂത്ത് തലം മുതല്‍ കെ പി സി സി തലം വരെ വോട്ടെടുപ്പിലൂടെ പ്രതിനിധികളെ തിരഞ്ഞെടുക്കണമെന്നും നെയ്യാര്‍ ഡാമില്‍ നടക്കുന്ന ക്യാംപ് ആവശ്യപ്പെട്ടു.

നിയമസഭയില്‍ ഇരുന്ന് വേരിറങ്ങിയ നേതാക്കള്‍ അടിയന്തിരം കഴിഞ്ഞേ ഒഴിയൂവെന്ന ചിന്ത മാറ്റണം. യുവത്വത്തിന്റെ പേര് പറഞ്ഞ് നിയമസഭാ ടിക്കറ്റ് വാങ്ങിയ യുവതുര്‍ക്കികളും ഭാവി തലമുറക്കായി മാറികൊടുക്കണമെന്നും കെ.എസ്.യു. പ്രമേയം ആവശ്യപ്പെട്ടു.

പ്രമേയത്തിലെ മറ്റു നിര്‍ദ്ദേശങ്ങള്‍

എല്ലാ കെ എസ് യു ഭാരവാഹികളും അവരവരുടെ മണ്ഡലം കോഡിനേറ്ററായി ചുമതലയേറ്റ് യൂണിറ്റുകള്‍ പ്രാദേശികമായി രൂപീകരിക്കണം.

എല്ലാ സ്‌കൂളുകളിലും കോളേജുകളിലും ഒരു മാസത്തിനകം കൊടിമരം സ്ഥാപിക്കണം.

സംഘടനയുടെ അറുപതാം ജന്മദിനം പ്രമാണിച്ച് പൊതുവായ പതാക ദിനം വേണം.

Top