കെ.എസ്.ആര്‍.ടി.സി വിഭജന രൂപരേഖ ഒരാഴ്ചക്കകം; മന്ത്രിയുടെ ഉറപ്പില്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ മൂന്ന് മേഖലകളായി തിരിക്കാന്‍ ഒരാഴ്ചക്കുള്ളില്‍ രൂപരേഖ തയാറാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്റെ ഉറപ്പ്. മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ 15 ദിവസമായി ചീഫ് ഓഫിസില്‍ ഭരണാകൂല സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) നടത്തിവന്ന സമരം പിന്‍വലിച്ചു.

ചീഫ് ഓഫിസ് ഉപരോധിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്ച രാവിലെതന്നെ മന്ത്രി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. 2000 പ്രവര്‍ത്തകരാണ് ഉപരോധത്തില്‍ പങ്കെടുത്തത്. സോണല്‍ ഓഫിസുകള്‍ ഏപ്രിലിനുള്ളില്‍ നിലവില്‍വരുമെന്നും ഇവയുടെ ഭരണം സംബന്ധിച്ച രൂപരേഖ കെ.എസ്.ആര്‍.ടി.സി തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.എസ്.ആര്‍.ടി.സിയെ മൂന്ന് മേഖലകളാക്കി തിരിച്ച് നിലവിലെ എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരെ മേധാവികളായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ആറുമുതല്‍ അസോസിയേഷന്‍ സമരം ആരംഭിച്ചത്. കെ.എസ്.ആര്‍.ടി.സി എം.ഡി എ. ഹേമചന്ദ്രന്‍ സ്വകാര്യ സന്ദര്‍ശനത്തിനായി മുംബൈയില്‍ ആയതിനാല്‍ യോഗത്തിനെത്തിയില്ല.

നിലവിലെ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സിയെ വിഭജിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഏതാനും ദിവസം മുമ്പ് എം.ഡി സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സി.ഐ.ടി.യു സമരം ശക്തമാക്കിയത്. എന്നാല്‍, നിലവിലെ എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരുടെ നിയമനം സംബന്ധിച്ച് മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനം എടുത്തിട്ടില്ല. നാല് എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരും ചീഫ് ഓഫിസില്‍ തുടരും. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരുടെ നിയമനത്തിന് നടപടി തുടരാനാണ് തീരുമാനം.

താല്‍ക്കാലിക ജീവനക്കാരുടെ ദിവസശമ്പളത്തില്‍ 50 രൂപ വര്‍ധന വരുത്തുമെന്ന് ചര്‍ച്ചയില്‍ മന്ത്രി ഉറപ്പുനല്‍കി. ബസ് ബോഡി നിര്‍മാണം സ്വന്തം വര്‍ക്‌ഷോപ്പുകളില്‍ ആരംഭിക്കും. 1000 പുതിയ ബസുകള്‍ നിരത്തിലിറക്കും. മെക്കാനിക്കല്‍ വിഭാഗത്തിലെ ഡ്യൂട്ടി പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കും.

ഡി.എ കുടിശ്ശിക, ശമ്പളപരിഷ്‌കരണം എന്നിവ സംബന്ധിച്ച് കണ്‍സോര്‍ഷ്യം കരാര്‍ നിലവില്‍വന്നശേഷം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വിസുകളെ ബാധിക്കും വിധം സ്വകാര്യബസുകളുടെ സമയക്രമം പുതുക്കിനിശ്ചയിച്ച നടപടി പിന്‍വലിക്കുമെന്നും മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദന്‍, കെ.എസ്.ആര്‍.ടി.സി.ഇ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ഹരികൃഷ്ണന്‍, ട്രഷറര്‍ ദിലീപ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Top