കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസ് ഉപരോധം, നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

KSRTC

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസ് ഉപരോധിച്ച എ.ഐ.ടി.യു.സി യൂണിയന്‍ നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍.

എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.ജി. രാഹുല്‍, ട്രഷറര്‍ സി.എസ്. അനില്‍കുമാര്‍, കെ. മനോജ് കുമാര്‍, കെ. ഹരീഷ് ചന്ദ്രന്‍, സജി കേരളപുരം എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ചീഫ് ഓഫീസ് ഉപരോധത്തിനിടെ ജീവനക്കാരെ തടഞ്ഞ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ചയാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞത് കണക്കിലെടുത്താണ് സസ്പെന്‍ഷന്‍ നടപടിയെന്ന് മാനേജ്മെന്റ് അറിയിച്ചു.

സിംഗിള്‍ ഡ്യൂട്ടിക്കെതിരെ ആഗസ്റ്റ് രണ്ടിന് നടന്ന സമരത്തില്‍ പങ്കെടുത്ത ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് യൂണിയന്‍ ചീഫ് ഓഫീസ് ഉപരോധിച്ചത്.

സ്ഥലംമാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ഇപ്പോള്‍ സമരം നടക്കുകയാണ്. ജാമ്യം കിട്ടിയ നേതാക്കളും സമരപന്തലിലുണ്ട്.

Top