ഇനി വൈദ്യുതബില്‍ പൊള്ളും; ശമ്പളച്ചെലവ് നികത്താന്‍ കെ. എസ്.ഇ.ബി നിരക്ക് കൂട്ടും

kseb

തിരുവനന്തപുരം: ശമ്പളച്ചെലവ് താങ്ങാനാകാതെ കെ. എസ്.ഇ.ബി വീണ്ടും നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. ശമ്പളച്ചെലവ് മൂലം കൂടുന്ന നഷ്ടം മറികടക്കാന്‍ വേറെ മാര്‍ഗമില്ലെന്നാണ് കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രിയും പറഞ്ഞത്.

2016-17ലെ കണക്കും 2018-19ലേതും തമ്മിലുള്ള നഷ്ടത്തിന്റെ വ്യത്യാസം 1200 കോടിയാണ്. 2016-17 ല്‍ 1494.63 കോടി രൂപയാണ് നഷ്ടം. 2018-19 ല്‍ അത് 2739.98 കോടിയായി വര്‍ദ്ധിച്ചു.

ഉപയോഗിക്കുന്നതിന്റെ 70 ശതമാനം വൈദ്യുതിയും പുറമേ നിന്ന് വാങ്ങുന്ന കേരളത്തിന് പവര്‍ പര്‍ച്ചേസ് ചെലവില്‍ ഭീമമായ വര്‍ദ്ധന ഉണ്ടായിട്ടില്ല. 16-17ല്‍ 7393.32 കോടി വൈദ്യുതി വാങ്ങാന്‍ ചെലവായെങ്കില്‍ ഈ വര്‍ഷം അത് 8156.70 കോടിയാണ്. അതേസമയം ശമ്പളച്ചെലവ് 2016-17 ല്‍ 3603.69 കോടിയായിരുന്നത് ഈ വര്‍ഷം 5134.34 കോടിയായി ഉയര്‍ന്നു. 1530.95 കോടി രൂപ അധികം.

ഈ വര്‍ഷം കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്ന വരുമാനം 13120.99 കോടിയാണ്. അതിന്റെ 42 ശതമാനവും ശമ്പളത്തിന് മാത്രം ചെലവാകും. രാജ്യത്ത് വിവിധ വൈദ്യുതി ബോര്‍ഡുകളുടെ ശമ്പളച്ചെലവ് വരുമാനത്തിന്റെ 15 ശതമാനം മുതല്‍ 22 ശതമാനം വരെ മാത്രമാണ്.

എന്നിരുന്നാലും, വര്‍ദ്ധിക്കുന്ന ശമ്പളച്ചെലവ് മൂലമുണ്ടാകുന്ന നഷ്ടവും അഞ്ച് വര്‍ഷം മുമ്പ് കമ്പനിയായി രൂപം മാറിയപ്പോഴുള്ള നഷ്ടമായ 7300 കോടിയും നികത്താന്‍ വന്‍ നിരക്ക് വര്‍ദ്ധന വേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. നാലു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ദ്ധനയ്ക്കാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നീക്കം നടത്തുന്നത്. മുന്‍വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ കൊടുക്കുന്നതില്‍ കെ.എസ്.ഇ.ബി കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍ നടത്താനിരുന്ന നിരക്ക് വര്‍ദ്ധന കമ്മിഷന്‍ മാറ്റിവച്ചിരിക്കുകയാണ്.

Top