മോഹന്‍ ഭഗവതില്‍നിന്നും പുരസ്‌കാരം വാങ്ങുന്നതിനു മുന്‍പ് ആമീര്‍ മരിക്കുന്നതായിരുന്നു നല്ലത് കെആര്‍കെ

മോഹന്‍ലാലിന് പിന്നാലെ ബോളിവുഡ് താരം ആമീര്‍ ഖാനെയും വിമര്‍ശിച്ച് വിവാദ താരം കെ ആര്‍ കെ. കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതില്‍ നിന്നും ആമീര്‍ ഖാന്‍ പുരസ്‌കാരം വാങ്ങിയതിനെതിരെയാണ് പരിഹാസവുമായി കെആര്‍കെ രംഗത്തെത്തിയത്.

മോഹന്‍ ഭഗവതില്‍നിന്നും പുരസ്‌കാരം വാങ്ങുന്നതിനേക്കാള്‍ മുന്‍പ് ആമീര്‍ മരിക്കുന്നതായിരുന്നു നല്ലതെന്ന് കെആര്‍കെ ട്വീറ്റില്‍ പറയുന്നു.

ബിജെപി ബോളിവുഡ് താരങ്ങളെ പേടിപ്പിച്ച് നിര്‍ത്തുകയാണെന്നും, പേടിപ്പിച്ച് അവരെകൊണ്ട് ആര്‍എസ്എസിന്റെ പരിപാടികളില്‍ നൃത്തം ചെയ്യിക്കുകയാണെന്നും കെആര്‍കെ ട്വീറ്റ് ചെയ്തു.

ഒരു കാലത്ത് ആമീറിനെ ദേശദ്രോഹി എന്ന് വിളിച്ചവര്‍ക്ക് ഇപ്പോള്‍ ആമീര്‍ ദേശ സ്‌നേഹി ആയോ എന്നും കെആര്‍കെ ട്വീറ്റില്‍ ചോദിക്കുന്നു.


നീണ്ട പതിനാറ് വര്‍ഷത്തിന് ശേഷം നാടകാചാര്യനും സംഗീതജ്ഞനുമായ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്റെ സ്മരണാര്‍ത്ഥമുള്ള വിശേഷ് പുരസ്‌കാരമാണ് ആമീര്‍ ഏറ്റുവാങ്ങിയത്. ദംഗലിലെ പ്രകടനത്തിനായിരുന്നു ആമീറിന് പ്രത്യേക പുരസ്‌കാരം നല്‍കിയത്.

പുരസ്‌കാര വേദിയിലെത്തിയപ്പോള്‍ അവാര്‍ഡ് നല്‍കി ആദരിച്ചത് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതായിരുന്നു. അസഹിഷ്ണുത വിവാദത്തില്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആര്‍എസ്എസിന്റെയും ബിജെപിയുടെയും വിമര്‍ശനത്തിന് ആമീര്‍ ഇരയായിരുന്നു.

മോഹന്‍ലാലിനെ കാര്‍ട്ടൂണ്‍ കഥാപാത്രം ഛോട്ടാ ഭീമിനോട് ഉപമിച്ചാണ് കെആര്‍കെ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഛോട്ടാഭീമിനെ പോലുള്ള മോഹന്‍ലാല്‍ എങ്ങനെയാണ് മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കുന്നതെന്നും നിര്‍മ്മാതാവായ ബി ആര്‍ ഷെട്ടി എന്തിനാണ് ഇത്രയും പാഴ്‌ചെലവ് നടത്തുന്നത് എന്നുമായിരുന്നു കെആര്‍കെയുടെ ആദ്യ ട്വീറ്റ്. ട്വീറ്റിന് പിന്നാലെ വന്ന വിമര്‍ശനങ്ങളെ തുടര്‍ന്ന് ഒടുവില്‍ കെആര്‍കെ തന്നെ തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

Top