എതിര്‍പ്പുകള്‍ മറികടന്ന് കോഴിക്കോട് ലുലുമാളിനായി ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: റവന്യൂ, നിയമ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് കോഴിക്കോട് ലുലുമാളിനായി ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനം. കോഴിക്കോട് മാങ്കാവില്‍ മാള്‍ നിര്‍മിക്കുന്നിടത്തെ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള 19 സെന്റ് പുറമ്പോക്കുഭൂമിയാണ് കൈമാറുക.

പകരം മാള്‍ ഉടമകള്‍ നെല്ലിക്കോട് മൈലമ്പാടി ഒല്ലൂര്‍ ക്ഷേത്രത്തിനുസമീപം 26.19 സ്ഥലവും 204 ചതുരശ്രമീറ്ററുള്ള കോണ്‍ക്രീറ്റ് കെട്ടിടവും സര്‍ക്കാരിന് വിട്ടുനല്‍കും. മാള്‍ ഉടമകളുടെ ഈ ആവശ്യം നേരത്തെ പലതവണ നിയമ, റവന്യൂ വകുപ്പുകള്‍ എതിര്‍ത്തതാണ്. റവന്യൂ ഭൂമി ഇത്തരത്തില്‍ സ്വകാര്യവ്യക്തിക്ക് വിട്ടുനല്‍കാനാവില്ലെന്നായിരുന്നു വകുപ്പിന്റെ നിലപാട്. നിയമപരമായി കൈമാറ്റം നിലനില്‍ക്കില്ലെന്ന് ജഗ്പാല്‍സിങ്-സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടി നിയമവകുപ്പും എതിര്‍പ്പറിയിച്ചിരുന്നു.

തദ്ദേശവകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ സമ്മര്‍ദപ്രകാരമാണ് ഫയല്‍ മന്ത്രിസഭ വീണ്ടും പരിഗണിച്ചത്. നാലുമാസമായി പലതവണ മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ വന്നിരുന്നെങ്കിലും മന്ത്രിമാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

Top